Sunday, October 17, 2010

പക്ഷിയുടെ മണം - മാധവികുട്ടി

കല്‍ക്കത്തയില്‍ വന്നിട്ട്‌ ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ്‌ അവള്‍ ആ പരസ്യം രാവിലെ വര്‍ത്തമാനക്കടലാസില്‍ കണ്ടത്‌: `കാഴ്‌ചയില്‍ യോഗ്യതയും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇന്‍ചാര്‍ജ്ജായി ജോലി ചെയ്യുവാന്‍ ആവശ്യമുണ്ട്‌. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ വിവരമുണ്ടായിരിക്കണം. അവനവന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ ഹരജിയുമായി നേരിട്ട്‌ ഞങ്ങളുടെ ഓഫീസിലേക്ക്‌ വരിക.'
ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നു ഓഫീസിന്റെ കെട്ടിടം. അവള്‍ ഇളം മഞ്ഞനിറത്തിലുള്ള ഒരു പട്ടുസാരിയും തന്‍െറ വെളുത്ത കൈസഞ്ചിയും മറ്റുമായി ആ കെട്ടിടത്തിലെത്തിയപ്പോള്‍ നേരം പതിനൊന്നു മണിയായിരുന്നു. അത്‌ ഏഴു നിലകളും ഇരുന്നൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു. നാല്‌ ലിഫ്‌ടുകളും. ഓരോ ലിഫ്‌റ്റിന്റേയും മുമ്പില്‍ ഓരോ ജനക്കൂട്ടവുമുണ്ടായിരുന്നു. തടിച്ച കച്ചവടക്കാരും തോല്‍സഞ്ചി കൈയ്യിലൊതുക്കിക്കൊണ്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍മാരും മറ്റുംമറ്റും. ഒരൊറ്റ സ്‌ത്രീയെയും അവള്‍ അവിടെയെങ്ങും കണ്ടില്ല. ധൈര്യം അപ്പോഴേക്കും വളരെയധികം ക്ഷയിച്ചു കഴിഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിന്റെ അഭിപ്രായം വകവയ്‌ക്കാതെ ഈ ഉദ്യോഗത്തിന്‌ വരേണ്ടിയിരുന്നില്ലയെന്നും അവള്‍ക്കു തോന്നി. അവള്‍ അടുത്തു കണ്ട ഒരു ശിപായിയോടു ചോദിച്ചു.
`..ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്‌ട്രീസ്‌ ഏതു നിലയിലാണ്‌?'
`ഒന്നാം നിലയിലാണെന്നു തോന്നുന്നു'. അയാള്‍ പറഞ്ഞു. എല്ലാ കണ്ണുകളും തന്റെ മുഖത്തു പതിക്കുന്നെന്നു അവള്‍ക്ക്‌ തോന്നി. ഛേയ,്‌ വരേണ്ടിയിരുന്നില്ല. വിയര്‍പ്പില്‍ മുങ്ങിക്കൊണ്ടുനില്‍ക്കുന്ന ഈ ആണുങ്ങളുടെ ഇടയില്‍ താനെന്തിനു വന്നെത്തി.? ആയിരം ഉറുപ്പിക കിട്ടുമെങ്കില്‍ത്തന്നെയും തനിക്ക്‌ ഈ കെട്ടിടത്തിലേക്കു ദിവസേന ജോലി ചെയ്യാന്‍ വരാന്‍ വയ്യ.... പക്ഷേ, പെട്ടെന്നു മടങ്ങിപ്പോകാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
അവളുടെ ഊഴമായി. ലിഫ്‌ടില്‍ കയറി, അടുത്തുനില്‍ക്കുന്നവരുടെ ദേഹങ്ങളില്‍ തൊടാതിരിക്കുവാന്‍ ക്ലേശിച്ചുകൊണ്ട്‌ ഒരു മൂലയില്‍ ഒതുങ്ങി നിന്നു.
ഒന്നാം നിലയില്‍ ഇറങ്ങിയപ്പോള്‍ അവള്‍ ചുറ്റും കണ്ണോടിച്ചു. നാലുഭാഗത്തേക്കും നീണ്ടുകിടക്കുന്ന വരാന്തയില്‍നിന്ന്‌ ഓരോ മുറികളിലേക്കായി വലിയ വാതിലുകളുമുണ്ടായിരുന്നു, വാതിലിന്‍െറ പുറത്ത്‌ ഓരോ ബോര്‍ഡും.
`ഇറക്കുമതിയും കയറ്റുമതിയും', `വൈന്‍ കച്ചവടം' അങ്ങനെ പല ബോര്‍ഡുകളും. പക്ഷേ, എത്ര നടന്നിട്ടും താന്‍ അന്വേഷിച്ചിറങ്ങുന്ന ബോര്‍ഡ്‌ അവള്‍ കണ്ടെത്തിയില്ല. അപ്പോഴേക്കും അവളുടെ കൈത്തലങ്ങള്‍ വിയര്‍ത്തിരുന്നു. ഒരു മുറിയില്‍ നിന്ന്‌ പെട്ടെന്ന്‌ പുറത്തു കടന്ന ഒരാളോട്‌ അവള്‍ ചോദിച്ചു: `....ടെക്‌സ്റ്റൈല്‍ കമ്പനി എവിടെയാണ്‌?
അയാള്‍ അവളെ തന്റെ ഇടുങ്ങിയ ചുവന്ന കണ്ണുകള്‍ കൊണ്ട്‌ ആപാദചൂഢം പരിശോധിച്ചു. എന്നിട്ടു പറഞ്ഞു. `എനിക്ക്‌ അറിയില്ല. പക്ഷേ, എന്റെ കൂടെ വന്നാല്‍ ഞാന്‍ ശിപായിയോടു അന്വേഷിച്ച്‌ സ്ഥലം മനസ്സിലാക്കിത്തരാം.'
അയാള്‍ ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. ഒരു മധ്യവയസ്‌കന്‍. അയാളുടെ കൈനഖങ്ങളില്‍ ചളിയുണ്ടായിരുന്നു. അതു കണ്ടിട്ടോ എന്തോ, അവള്‍ക്ക്‌ അയാളുടെ കൂടെ പോകാന്‍ തോന്നിയില്ല. അവള്‍ പറഞ്ഞു:
`നന്ദി , ഞാന്‍ ഇവിടെ അന്വേഷിച്ചു മനസ്സിലാക്കിക്കൊള്ളാം.'
അവള്‍ ധൃതിയില്‍ നടന്ന്‌ ഒരു മൂലതിരിഞ്ഞു മറ്റൊരു വരാന്തയിലെത്തി. അവിടെയും അടച്ചിട്ട വലിയ വാതിലുകള്‍ അവള്‍ കണ്ടു. ഉ്യശിഴ എന്ന്‌ എഴുതിത്തൂക്കിയിരുന്നു. സ്‌പെല്ലിങ്ങിന്റെ തെറ്റുകണ്ട്‌ അവള്‍ക്ക്‌ ചിരിവന്നു. `തുണിക്കു ചായം കൊടുക്കുന്നതിനു പകരം ഇവിടെ മരണമാണോ നടക്കുന്നത്‌? ഏതായാലും അവിടെ ചോദിച്ചു നോക്കാമെന്നു ഉദ്ദേശിച്ച്‌ അവള്‍ വാതില്‍ തള്ളിത്തുറന്നു. അകത്ത്‌ ഒഴിഞ്ഞു കിടക്കുന്ന ഒരു വലിയ തളമാണ്‌ അവള്‍ കണ്ടത്‌. രണ്ടോ മൂന്നോ കസാലകളും ഒരു ചില്ലിട്ട മേശയും. അത്രതന്നെ, ഒരാളുമില്ല അവിടെയെങ്ങും. അവള്‍ വിളിച്ചു ചോദിച്ചു:
`ഇവിടെ ആരുമില്ലേ?'
അകത്തെ മുറികളിലേക്കുള്ള വാതിലുകളുടെ തിരശ്ശീലകള്‍ മെല്ലെയൊന്ന്‌ ആടി. അത്രതന്നെ. അവള്‍ ധൈര്യമവലംബിച്ച്‌, മുറിക്ക്‌ നടുവിലുള്ള കസാലയില്‍പോയിരുന്നു. അല്‍പ്പം വിശ്രമിക്കാതെ ഒരൊറ്റയടി നടക്കുവാന്‍ കഴിയില്ലെന്ന്‌ അവള്‍ക്ക്‌ തോന്നി. മുകളില്‍ പങ്ക തിരിഞ്ഞുകൊണ്ടിരുന്നു. ഇതെന്തൊരു ഓഫീസാണ്‌? അവള്‍ അത്ഭുതപ്പെട്ടു. വാതിലും തുറന്നുവച്ച്‌, പങ്കയും ചലിപ്പിച്ച്‌, ഇവിടെയുള്ളവരെല്ലാവരും എങ്ങോട്ടുപോയി.
തുണിക്കു നിറം കൊടുക്കുന്നവരായതുകൊണ്ട്‌ ഇവര്‍ക്ക്‌ താന്‍ അന്വേഷിക്കുന്ന ഓഫീസ്‌ എവിടെയാണെന്ന്‌ അറിയാതിരിക്കില്ല. അവള്‍ കൈസഞ്ചി തുറന്ന്‌, കണ്ണാടിയെടുത്ത്‌ മുഖം പരിശോധിച്ചു. കാണാന്‍ യോഗ്യത ഉണ്ടെന്നു തന്നെ തീര്‍ച്ചയാക്കി. എണ്ണൂറുറുപ്പിക ആവശ്യപ്പെട്ടാലോ? തന്നെപ്പോലെയുള്ള ഒരു ഉദ്യോഗസ്ഥയെ അവര്‍ക്കു കിട്ടുന്നതു ഭാഗ്യമായിരിക്കും. പഠിപ്പ്‌ ഉണ്ട്‌, പദവിയുണ്ട്‌, പുറം രാജ്യങ്ങളില്‍ സഞ്ചരിച്ച്‌ ലോകപരിചയം നേടിയിട്ടുണ്ട്‌....
അവള്‍ ഒരു കുപ്പിയുടെ കോര്‍ക്ക്‌ വലിച്ചു തുറക്കുന്ന ശബ്‌ദം കേട്ടിട്ടാണ്‌ ഞെട്ടി ഉണര്‍ന്നത്‌. ഛേ, താനെന്തൊരു വിഡ്‌ഢിയാണ്‌. ഒട്ടും പരിചയമില്ലാത്ത സ്ഥലത്തിരുന്ന്‌ ഉറങ്ങുകയോ? അവള്‍ കണ്ണുകള്‍ തിരുമ്മി. ചുറ്റും നോക്കി. അവളുടെ എതിര്‍വശത്ത്‌ ഒരു കസാലയില്‍ ഇരുന്നുകൊണ്ട്‌ ഒരു ചെറുപ്പക്കാരന്‍ സോഡയില്‍ വിസ്‌കി ഒഴിക്കുകയായിരുന്നു. അയാളുടെ ബുഷ്‌ ഷര്‍ട്ട്‌ വെള്ളനിറത്തിലുള്ള ടെറിലിന്‍കൊണ്ട്‌ ഉണ്ടാക്കിയതായിരുന്നു. അയാളുടെ കൈവിരലുകളുടെ മുകള്‍ഭാഗത്ത്‌ കനത്ത രോമങ്ങള്‍ വളര്‍ന്നു നിന്നിരുന്നു. ശക്തങ്ങളായ ആ കൈവിരലുകള്‍ കണ്ട്‌ അവള്‍ പെട്ടെന്ന്‌ പരിഭ്രമിച്ചു. താനെന്തിനു വന്നു ഈ ചെകുത്താന്റെ വീട്ടില്‍.
`അയാള്‍ തലയുയര്‍ത്തി അവളെ നോക്കി. അയാളുടെ മുഖം ഒരു കുതിരയുടേതെന്നപോലെ നീണ്ടതായിരുന്നു. അയാള്‍ ചോദിച്ചു: `ഉറക്കം സുഖമായോ?'
എന്നിട്ട്‌ അവളുടെ മറുപടി കേള്‍ക്കാന്‍ ശ്രദ്ധിക്കാതെ ഗ്ലാസ്സ്‌ ഉയര്‍ത്തി, അതിലെ പാനീയം മുഴുവനും കുടിച്ചു തീര്‍ത്തു.
`ദാഹിക്കുന്നുണ്ടോ? അയാള്‍ ചോദിച്ചു. അവള്‍ തലയാട്ടി'.
`....ടെക്‌സ്റ്റൈല്‍ കമ്പനി എവിടെയാണെന്ന്‌ അറിയുമോ? നിങ്ങള്‍ക്ക്‌ അറിയുമായിരിക്കുമെന്ന്‌ എനിക്കു തോന്നി. നിങ്ങള്‍ തുണികള്‍ക്കു നിറം കൊടുക്കുന്നവരാണല്ലോ.' അവള്‍ പറഞ്ഞു. എന്നിട്ട്‌ ഒരു മര്യാദച്ചിരി ചിരിച്ചു. അയാള്‍ ചിരിച്ചില്ല. അയാള്‍ വീണ്ടും വിസ്‌കി ഗ്ലാസ്സില്‍ ഒഴിച്ചു. സോഡകലര്‍ത്തി. എത്രയോ സമയം കിടക്കുന്നു. വര്‍ത്തമാനങ്ങള്‍ പറയുവാനും മറ്റും എന്ന നാട്യമായിരുന്നു അയാളുടേത്‌.
അവള്‍ ചോദിച്ചു: `നിങ്ങള്‍ അറിയില്ലേ?' അവള്‍ അക്ഷമയായിക്കഴിഞ്ഞിരുന്നു. എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തു കടന്ന്‌, വീട്ടിലേക്കു മടങ്ങിയാല്‍ മതിയെന്നുകൂടി അവള്‍ക്കു തോന്നി.
അയാള്‍ പെട്ടെന്നു ചിരിച്ചു. വളരെ മെലിഞ്ഞ ചുണ്ടുകളായിരുന്നു അയാളുടേത്‌. അവ ആ ചിരിയില്‍ വൈരൂപ്യം കലര്‍ത്തി.
`എന്താണ്‌ തിരക്ക്‌? അയാള്‍ ചോദിച്ചു: `നേരം പതിനൊന്നേ മൂക്കാലേ ആയിട്ടുള്ളൂ.'
അവള്‍ വാതില്‌ക്കലേക്കു നടന്നു.
`നിങ്ങള്‍ക്കറിയുമെന്ന്‌ ഞാന്‍ ആശിച്ചു.' അവള്‍ പറഞ്ഞു: `നിങ്ങളും തുണിക്കച്ചവടവുമായിട്ട്‌ ബന്ധമുള്ള ഒരാളാണല്ലോ.'
`എന്തു ബന്ധം? ഞങ്ങള്‍ തുണിയില്‍ ചായം ചേര്‍ക്കുന്നവരല്ല. ബോര്‍ഡ്‌ വായിച്ചില്ലേ ഉ്യശിഴ എന്ന്‌.'
`അപ്പോള്‍....?
`ആ അര്‍ത്ഥം തന്നെ. മരിക്കുക എന്നു കേട്ടിട്ടില്ലേ? സുഖമായി മരിക്കുവാന്‍ ഏര്‍പ്പെടുത്തിക്കൊടുക്കും ഞങ്ങള്‍.'
അയാള്‍ കസാലയില്‍ ചാരിക്കിടന്ന്‌ കണ്ണുകളിറുക്കി, അവളെ നോക്കി ചിരിച്ചു. പെട്ടെന്ന്‌ ആ വെളുത്ത പുഞ്ചിരി തന്‍െറ കണ്ണുകളിലാകെ വ്യാപിച്ചപോലെ അവള്‍ക്കു തോന്നി. അവളുടെ കാലുകള്‍ വിറച്ചു.
അവള്‍ വാതില്‍ക്കലേക്ക്‌ ഓടി. പക്ഷേ, വാതില്‍ തുറക്കുവാന്‍ അവളുടെ വിയര്‍ത്ത കൈകള്‍ക്ക്‌ കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു.
`ദയവുചെയ്‌ത്‌ ഇതൊന്ന്‌ തുറന്നുതരൂ.' അവള്‍ പറഞ്ഞു: `എനിക്ക്‌ വീട്ടിലേക്ക്‌ പോവണം. എന്റെ കുട്ടികള്‍ കാത്തിരിക്കുന്നുണ്ടാവും.' അയാള്‍ തന്റെ വാക്കുകള്‍ കേട്ട്‌, ക്രൂര ചിന്തകള്‍ ഉപേക്ഷിച്ച്‌, തന്നെ സഹായിക്കാന്‍ വരുമെന്ന്‌ അവള്‍ ആശിച്ചു.
`ദയവുചെയ്‌ത്‌ തുറക്കൂ.' അവള്‍ വീണ്ടും യാചിച്ചു. അയാള്‍ വീണ്ടും വീണ്ടും വിസ്‌കി കുടിച്ചു. വീണ്ടും വീണ്ടും അവളെ നോക്കി ചിരിച്ചു.
അവള്‍ വാതില്‌ക്കല്‍ മുട്ടിത്തുടങ്ങി: `അയ്യോ എന്നെ ചതിക്കുകയാണോ? അവള്‍ ഉറക്കെ വിളിച്ചു ചോദിച്ചു: `ഞാന്‍ എന്തു കുറ്റമാണ്‌ ചെയ്‌തിട്ടുള്ളത്‌?'
അവളുടെ തേങ്ങല്‍ കുറച്ചുനിമിഷങ്ങള്‍ക്കുശേഷം അവസാനിച്ചു. അവള്‍ ക്ഷീണിച്ചു തളര്‍ന്ന്‌ വാതിലിന്റെയടുത്ത്‌ വെറും നിലത്തു വീണു.
അയാള്‍ യാതൊരു കാഠിന്യവുമില്ലാത്ത ഒരു മൃദുസ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവള്‍ ചില വാക്കുകള്‍ മാത്രം കേട്ടു:
`....പണ്ട്‌ എന്റെ കിടപ്പു മുറിയില്‍, തണുപ്പു കാലത്ത്‌ ഒരു പക്ഷി വന്നുപെട്ടു. മഞ്ഞകലര്‍ന്ന തവിട്ടു നിറം. നിന്റെ സാരിയുടെ നിറം. അത്‌ ജനവാതിലിന്റെ ചില്ലിന്മേല്‍ കൊക്കുകൊണ്ട്‌ തട്ടിനോക്കി. ചില്ല്‌ പൊട്ടിക്കുവാന്‍ ചിറകുകള്‍ കൊണ്ടും തട്ടി. അത്‌ എത്ര ക്ലേശിച്ചു! എന്നിട്ട്‌ എന്തുണ്ടായി? അത്‌ ക്ഷീണിച്ചു നിലത്തുവീണു. ഞാനതിനെ എന്റെ ഷൂസിട്ട കാലുകൊണ്ട്‌ ചവിട്ടിയരച്ചു കളഞ്ഞു.'
പിന്നീടു കുറേ നിമിഷങ്ങള്‍ നീണ്ടുനിന്ന മൗനത്തിനുശേഷം അയാള്‍ ചോദിച്ചു: `നിനക്കറിയാമോ മരണത്തിന്റെ മണം എന്താണെന്ന്‌?'
അവള്‍ കണ്ണുകള്‍ ഉയര്‍ത്തി അയാളെ നോക്കി. പക്ഷെ, ഒന്നും പറയുവാന്‍ നാവുയര്‍ന്നില്ല. പറയുവാന്‍ മറുപടി ഇല്ലാഞ്ഞിട്ടല്ല. മരണത്തിന്റെ മണം, അല്ല, മരണത്തിന്റെ വിവിധ മണങ്ങള്‍ തന്നെപ്പോലെ ആര്‍ക്കാണ്‌ അറിയുക? പഴുത്ത വ്രണങ്ങളുടെ മണം, പഴത്തോട്ടങ്ങളുടെ മധുരമായ മണം, ചന്ദനത്തിരികളുടെ മണം.... ഇരുട്ടുപിടിച്ച ഒരു ചെറിയ മുറിയില്‍ വെറും നിലത്തിട്ട കിടക്കയില്‍ കിടന്നുകൊണ്ട്‌ അവളുടെ അമ്മ യാതൊരു അന്തസ്സും കലരാത്ത സ്വരത്തില്‍ പറഞ്ഞുകൊണ്ടിരുന്നു: `എനിക്കു വയ്യാ മോളേ... വേദനയൊന്നൂല്യ....ന്നാലും വയ്യ.....'
അമ്മയുടെ കാലിന്മേല്‍ ഉണ്ടായിരുന്ന വ്രണങ്ങളില്‍ വെളുത്തു തടിച്ച പുഴുക്കള്‍ ഇളകിക്കൊണ്ടിരുന്നു. എന്നിട്ടും അമ്മ പറഞ്ഞു: `വേദനയില്യ....'
പിന്നീട്‌ അച്ഛന്‍. പ്രമേഹരോഗിയായ അച്ഛന്‌ പെട്ടെന്ന്‌ തളര്‍ച്ച വന്നപ്പോള്‍, ആ മുറിയില്‍ പഴത്തോട്ടങ്ങളില്‍ നിന്നു വരുന്ന ഒരു കാറ്റു വന്നെത്തിയെന്ന്‌ അവള്‍ക്കു തോന്നി. അങ്ങനെ മധുരമായിരുന്നു ആ മുറിയില്‍ പരന്ന മണം... അതും മരണമായിരുന്നു....
അതൊക്കെ പറയണമെന്ന്‌ അവള്‍ക്ക്‌ തോന്നി. പക്ഷേ, നാവിന്റെ ശക്തി ക്ഷയിച്ചുകഴിഞ്ഞിരുന്നു.
മുറിയുടെ നടുവില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്‍ അപ്പോഴും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു:
`നിനക്ക്‌ അറിയില്ല, ഉവ്വോ? എന്നാല്‍ പറഞ്ഞു തരാം. പക്ഷിത്തൂവലുകളുടെ മണമാണ്‌ മരണത്തിന്‌.... നിനക്കത്‌ അറിയാറാവും, അടുത്തുതന്നെ. ഇപ്പോള്‍ തന്നെ വേണമോ? ഏതാണ്‌ നിനക്ക്‌ ഏറ്റവും പ്രിയപ്പെട്ട നേരം? നേരെ മുകളില്‍ നിന്നു നോക്കുന്ന സൂര്യന്റെ മുമ്പില്‍ ലജ്ജയില്ലാതെ ഈ ലോകം നഗ്നമായി കിടക്കുന്ന സമയമോ? അതോ, സന്ധ്യയോ?... നീ എന്തുപോലെയുള്ള സ്‌ത്രീയാണ്‌? ധൈര്യമുള്ളവളോ ധൈര്യമില്ലാത്തവളോ....'
അയാള്‍ കസാലയില്‍നിന്ന്‌ എഴുന്നേറ്റ്‌ അവളുടെ അടുത്തേക്ക്‌ വന്നു. അയാള്‍ക്ക്‌ നല്ല ഉയരമുണ്ടായിരുന്നു. അവള്‍ പറഞ്ഞു:
`എന്നെ പോവാന്‍ സമ്മതിക്കണം. ഞാനിങ്ങോട്ട്‌ വരാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.'
`നീ നുണ പറയുകയാണ്‌. നീ എത്ര തവണ ഉദ്ദേശിച്ചിരിക്കുന്നു ഇവിടെ വന്നെത്തുവാന്‍! എത്രയോ സുഖകരമായ ഒരവസാനത്തിനു നീ എത്ര തവണ ആശിച്ചിരിക്കുന്നു. മൃദുലങ്ങളായ തിരമാലകള്‍ നിറഞ്ഞ, ദീര്‍ഘമായി നിശ്വസിക്കുന്ന കടലില്‍ ചെന്നു വീഴുവാന്‍, ആലസ്യത്തോടെ ചെന്നു ലയിക്കുവാന്‍ മോഹിക്കുന്ന നദിപോലെയല്ലേ നീ? പറയൂ, ഓമനേ... നീ മോഹിക്കുന്നില്ലേ ആ അവസാനിക്കാത്ത ലാളന അനുഭവിക്കുവാന്‍?'
`നിങ്ങള്‍ ആരാണ്‌?'
അവള്‍ എഴുന്നേറ്റിരുന്നു. അയാളുടെ കൈവിരലുകള്‍ക്കു ബീഭത്സമായ ഒരാകര്‍ഷണമുണ്ടെന്ന്‌ അവള്‍ക്ക്‌ തോന്നി.
`എന്നെ കണ്ടിട്ടില്ലേ?'
`ഇല്ല.'
`ഞാന്‍ നിന്റെ അടുത്ത്‌ പല പ്രാവശ്യം വന്നിട്ടുണ്ട്‌. ഒരിക്കല്‍ നീ വെറും പതിനൊന്ന്‌ വയസ്സുള്ള ഒരു കുട്ടിയായിരുന്നു. മഞ്ഞക്കാമല പിടിച്ച, കിടക്കയില്‍ നിന്ന്‌ തലയുയര്‍ത്താന്‍ വയ്യാതെ കിടന്നിരുന്ന കാലം. അന്ന്‌ നിന്റെ അമ്മ ജനവാതിലുകള്‍ തുറന്നപ്പോള്‍ നീ പറഞ്ഞു. `അമ്മേ, ഞാന്‍ മഞ്ഞപ്പൂക്കള്‍ കാണുന്നു. മഞ്ഞ അലറിപൂക്കള്‍ കാണുന്നു. എല്ലായിടത്തും മഞ്ഞപ്പൂ തന്നെ....' അത്‌ ഓര്‍മ്മിക്കുന്നുണ്ടോ?
അവള്‍ തലകുലുക്കി.
`നിന്റെ കണ്ണുകള്‍ക്കുമാത്രം കാണാന്‍ കഴിഞ്ഞ മഞ്ഞപ്പൂക്കളുടെയിടയില്‍ ഞാന്‍ നിന്നിരുന്നു നിന്റെ കൈ പിടിച്ചു നിന്നെ എത്തേണ്ടയിടത്തേക്കു എത്തിക്കുവാന്‍.... പക്ഷേ, അന്നു നീ വന്നില്ല. നിനക്ക്‌ എന്റെ സ്‌നേഹത്തെപ്പറ്റി അറിഞ്ഞിരുന്നില്ല...' ഞാനാണ്‌ നിന്റെയും എല്ലാവരുടെയും മാര്‍ഗദര്‍ശി എന്ന്‌ നീ അറിഞ്ഞിരുന്നില്ല...'
` സ്‌നേഹമോ, ഇത്‌ സ്‌നേഹമാണോ?' അവള്‍ ചോദിച്ചു.
}`അതെ, സ്‌നേഹത്തിന്റെ പരിപൂര്‍ണത കാണിച്ചുതരുവാന്‍ എനിക്കു മാത്രമേ കഴിയുകയുള്ളൂ. എനിക്കു നീ ഓരോന്നോരോന്നായി കാഴ്‌ചവയ്‌ക്കും.... ചുവന്ന ചുണ്ടുകള്‍, ചാഞ്ചാടുന്ന കണ്ണുകള്‍. അവയവഭംഗിയുള്ള ദേഹം.... എല്ലാം..... ഓരോ രോമകൂപങ്ങള്‍കൂടി നീ കാഴ്‌ചവയ്‌ക്കും. ഒന്നും നിന്റേതല്ലാതാവും, എന്നിട്ട്‌ ഈ ബലിക്കു പ്രതിഫലമായി ഞാന്‍ നിനക്ക്‌ സ്വാതന്ത്യം തരും. നീ ഒന്നുമല്ലാതാവും. പക്ഷേ, എല്ലാമായിത്തീരും, കടലിന്റെ ഇരമ്പലിലും നീ ഉണ്ടാകും, മഴക്കാലത്ത്‌ കൂമ്പുകള്‍ പൊട്ടിമുളയ്‌ക്കുന്ന പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും. പ്രസവവേദനയനുഭവിക്കുന്ന വിത്തുകള്‍ മണ്ണിന്റെ അടിയില്‍ കിടന്നു തേങ്ങുമ്പോള്‍, നിന്റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും, നീ മഴത്തുള്ളികളാവും, നീ മണ്ണിന്റെ തരികളാവും..... നീയായിത്തീരും ഈ ലോകത്തിന്റെ സൗന്ദര്യം....'
അവള്‍ എഴുന്നേറ്റുനിന്നു. തന്‍െറ ക്ഷീണം തീരെ മാറിയെന്ന്‌ അവള്‍ക്കു തോന്നി. പുതുതായി കിട്ടിയ ധൈര്യത്തോടെ അവള്‍ പറഞ്ഞു:
` ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, നിങ്ങള്‍ക്ക്‌ ആളെ തെറ്റിയിരിക്കുന്നു. എനിക്കു മരിക്കുവാന്‍ സമയമായിട്ടില്ല. ഞാന്‍ ഒരു ഇരുപത്തേഴുകാരിയാണ്‌. വിവാഹിതയാണ്‌, അമ്മയാണ്‌. എനിക്കു സമയമായിട്ടില്ല. ഞാന്‍ ഒരു ഉദ്യോഗം നോക്കി വന്നതാണ്‌. ഇപ്പോള്‍ നേരം പന്ത്രണ്ടരയോ മറ്റോ ആയിരിക്കണം. ഞാന്‍ വീട്ടിലേക്കു മടങ്ങട്ടെ.'
അയാള്‍ ഒന്നും പറഞ്ഞില്ല. വാതില്‍ തുറന്ന്‌, അവള്‍ക്ക്‌ പുറത്തേക്കു പോവാന്‍ അനുവാദം കൊടുത്തു. അവള്‍ ധൃതിയില്‍ ലിഫ്‌ട്‌ അന്വേഷിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നു. തന്റെ കാല്‍വെപ്പുകള്‍ അവിടെയെങ്ങും ഭയങ്കരമായി മുഴങ്ങുന്നുണ്ടെന്നു അവള്‍ക്ക്‌ തോന്നി.
ലിഫ്‌ടിന്റെ അടുത്തെത്തിയപ്പോള്‍ അവള്‍ നിന്നു. അവിടെ അതു നടത്തുന്ന ശിപായി ഉണ്ടായിരുന്നില്ല. എന്നാലും അതില്‍ കയറി വാതിലടച്ച്‌ അവള്‍ സ്വിച്ച്‌ അമര്‍ത്തി. ഒരു തകര്‍ച്ചയുടെ ആദ്യസ്വരങ്ങളോടെ അത്‌ പെട്ടെന്ന്‌ ഉയര്‍ന്നു. താന്‍ ആകാശത്തിലാണെന്നും ഇടി മുഴങ്ങുന്നെന്നും അവള്‍ക്കു തോന്നി. അപ്പോഴാണ്‌, അവള്‍ ലിഫ്‌ടിന്റെ അകത്തു തൂക്കിയിരിക്കുന്ന ബോര്‍ഡു കണ്ടത്‌:
`ലിഫ്‌ട്‌ കേടുവന്നിരിക്കുന്നു. അപകടം.' പിന്നീട്‌ എല്ലായിടത്തും ഇരുട്ടുമാത്രമായി. ശബ്‌ദിക്കുന്ന, ഗര്‍ജ്ജിക്കുന്ന ഒരു ഇരുട്ട്‌. അവള്‍ക്ക്‌ അതില്‍നിന്നും ഒരിക്കലും പിന്നീട്‌ പുറത്തു കടക്കേണ്ടിവന്നില്ല. 

4 comments:

 1. ith aarkk vaayikkaana ezhuthiyirikkunne ? ottum clear alla....font colour n back ground....mmm hhmmm....

  ReplyDelete
  Replies
  1. kshemikkanam. njan ee bloginte 'theme' maattiyappol undaya kuzhappam aanu... thalkkalam thangalkku vayikkanamengil oru karyam cheyyam... ithile malayalam ezhutthu muzhuvanum select cheyyuka.. allenkil Ctrl+A adichu select all cheyyuka..appol ezhutthinte niram veluppaakukayum vaayikkan saadhikkukayum cheyyum.

   Delete
  2. Ningade nirdheshaprakaram njan thalkkaalam ee postinte maathram 'text matter'inu vellaniram kodutthittundu.

   Delete
  3. പ്രശ്നം ശരിയാക്കി കേട്ടോ.

   Delete

[b]