Sunday, October 17, 2010

രണ്ട്‌ പുസ്തകങ്ങള്‍ - അശോകന്‍ ചരുവില്‍

പിറ്റേന്നു രാത്രി കൊള്ളയടിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന വീട്ടിലേക്ക് ഒരു സൗഹൃദ സന്ദര്‍ശനഭാവത്തില്‍ അയാള്‍ ചെന്നു. വളരെ പ്രായം ചെന്ന ഒരു അപ്പാപ്പനും അമ്മാമ്മയും മാത്രമാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്.
നേരം ഉച്ചകഴിഞ്ഞിരുന്നു. അപ്പാപ്പനും അമ്മാമ്മയും നല്ല ഉച്ചമയക്കത്തിലായിരുന്നു. കോളിങ്‌ബെല്‍ അമര്‍ത്തിയശേഷം രു മിനിറ്റ് അയാള്‍ക്ക് പുറത്ത് കാത്തുനില്‌ക്കേിവന്നു.
അമ്മാമ്മയാണ് ആദ്യം ഉണര്‍ന്നത്. അവര്‍ വന്ന് വാതില്‍ തുറന്നു. പുകമൂടിയ കണ്ണുകള്‍ ആവുംവിധം ചുളിച്ച് അയാളെ നോക്കാന്‍ തുടങ്ങി. ഒരു പിടിയും കിട്ടുന്നില്ല.
`എന്താ അമ്മാമ്മേ അറിയ്യോ?'
അങ്ങനെ ചോദിച്ച് അയാള്‍ അകത്ത് കടന്ന് കസേരയിലിരുന്നു. ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് വെറുതെ മറിച്ചു നോക്കി.
അമ്മാമ്മ അപ്പോഴും തന്റെ മനസ്സിലിട്ട് എന്തൊക്കെയോ വിചാരം കൊള്ളുകയാണ്. മുട്ടിന്മേല്‍ കൈകളൂന്നി കുനിഞ്ഞാണ് അവര്‍ നിന്നിരുന്നത്. തല മുഴുവന്‍ നരച്ച് തൂവെള്ള നിറമായിരിക്കുന്നു. ചട്ടയും മുും ഒരല്‍പംപോലും മുഷിയാതെ വെള്ളനിറത്തിലുള്ളത്. പവിത്രമായ വലിയ രു മുലകളും വയറിലേക്ക് മുട്ടിക്കിടക്കുന്നത് ചട്ടയിലൂടെ നിഴലിച്ചു കാണാം. മുഖം വല്ലാതെ ചുളിഞ്ഞതാണ്. കൈകള്‍ പട്ടുപോലെ ചുളിഞ്ഞതും അങ്ങേയറ്റം ശോഷിച്ചതുമാണ്. തോടകളുടെ ഭാരം താങ്ങാനാവാതെ കാതുകള്‍ ഒടിഞ്ഞുതൂങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഒരു തോടയ്ക്ക് ഒരു പവനെങ്കിലും തൂക്കം വരും.
അമ്മാമ്മയ്ക്ക് വേഗംതന്നെ ആളെ പിടികിട്ടി. ചുളിഞ്ഞ ചൂുവിരല്‍ ഒന്നുയര്‍ത്തിപ്പിടിച്ച് അവര്‍ ചോദിച്ചു.
`പള്ളീന്ന് അച്ചന്‍ പറഞ്ഞയച്ചതായിരിക്കും.'
`അതെ.'
ചിരിച്ചുകൊ് അയാള്‍ പറഞ്ഞു.
പെട്ടെന്ന് അമ്മാമ്മയുടെ മുഖം മങ്ങി. കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. ചുുവിറച്ചുകൊ് അവര്‍ പറഞ്ഞു.
`ഞാന്‍ ഇപ്പോ ആലോചിച്ചേ ഒള്ളോ. അച്ചന്‍ ആളെ പറഞ്ഞയക്കുംന്ന്. ഞാന്‍ പള്ളീ ചെന്നട്ട് മൂന്നാഴ്ച്യായി.'
അമ്മാമ്മ ചട്ട ഉയര്‍ത്തി മൂക്കു തുടച്ചു.
`ഇനിക്ക് ഒരടി നടക്കാന്‍ വയ്യ. ഒരിത്തിരി നടക്കാന്‍ പാങ്ങുെങ്കില് ഞാന്‍ പള്ളീ വരാിരിക്ക്യോ.'
`അതൊന്നും സാരല്യ അമ്മാമ്മേ. അമ്മാമ്മയ്ക്കു വയസ്സായീന്നും, നടക്കാന്‍ പറ്റാിരിക്ക്യാന്നും മറ്റാരേക്കാളും കൂടുതലായി അച്ചനറിയാം.'
അയാള്‍ സമാധാനിപ്പിച്ചു.
`ഒന്നു കുമ്പസാരിക്ക്യാന്‍ ഇനിക്കു പറ്റാായീലോ.'
അമ്മാമ്മ പിന്നെയും തേങ്ങി.
`ഇന്നലെ രാത്രി കണ്ണൊന്നു ചിമ്മ്യേപ്പൊ കര്‍ത്താവ് എന്റടുത്തുവന്നു. കര്‍ത്താവ് എന്റെ കട്ടുമ്മല് ഇങ്ങനെ ഇരിക്ക്യാ. ഇന്നട്ട് ചോദിക്ക്യാ. ഇപ്പൊ കാശായപ്പോ, കുര്‍ബാനേം കുമ്പസാരോം ഒന്നും വോായി അല്ലെ, മറിയാമ്മേ.'
`ഇവട്യാണെങ്കില് ഇനിക്ക് മുട്ടുമ്മ നിക്കാനും പറ്റാായി. വാതത്തിന്റെ വെല്യ ഉപദ്രവം. ഇന്നാള് രുകൂട്ടം പോത്തുങ്കാല് സൂപ്പുടിച്ചു. ഇന്നട്ടും മാറണില്യാ. എല്ലുമ്മ കൂടെ ശരശരാന്ന് ഒരു വേദന. കട്ടുമ്മ കുത്തിര്‍ന്ന്ട്ടാണ് ഇപ്പൊ പ്രാര്‍ത്ഥിക്കണത്. ഇനി എന്നെങ്കട് വിളിച്ചൂടെ ആവോ?'
മുകളിലേക്ക് രു കൈകളും ഉയര്‍ത്തിക്കൊ് അമ്മാമ്മ പറഞ്ഞു.
അയാള്‍ പറഞ്ഞു.
`ചെല്ല സമയായാല് കര്‍ത്താവ് വിളിക്കും അമ്മാമ്മേ. വിഷമിക്കാതിരിക്ക്. അവിടന്നറിയാതെ ഒരിലപോലും പൊഴിയുന്നില്ല. കരയുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്കാശ്വാസം ലഭിക്കും.'
അമ്മാമ്മ അയാളുടെ അടുത്തുചെന്നു. സോഫയില്‍ അടുത്തിരുന്നു. മുിന്റെ കോന്തലകൊ് കണ്ണുംമൂക്കും വൃത്തിയായി തുടച്ചു. മെല്ലെയൊരീണത്തില്‍ പിറുപിറുക്കുംപോലെ അവര്‍ പാടാന്‍ തുടങ്ങി.
`പരിശുദ്ധാത്മാവേ
നീയെഴുന്നള്ളി വരേണമേ
എന്നുടെ ഹൃദയത്തില്‍.'
അയാള്‍ എഴുന്നേറ്റ് സോഫയ്ക്കു താഴെ മുട്ടുകുത്തിനിന്നു. അയാള്‍ പറഞ്ഞുകൊിരുന്നു.
`സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ. അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ...'
പ്രാര്‍ത്ഥനകളുടെ ശബ്ദം കേട്ട് അകത്ത് അപ്പാപ്പനുണര്‍ന്നു. അദ്ദേഹം മൂരിനിവരുന്ന ശബ്ദം കേട്ടു. അദ്ദേഹം വിളിച്ചു ചോദിച്ചു.
`ആരാ അപ്പറത്ത്?'
അമ്മാമ്മ `ശ്' എന്നു പറഞ്ഞ് സഗൗരവം മൂക്കത്ത് വിരല്‍വച്ചു. അയാളോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടു. അയാളുടെ ചെവിയില്‍ പറഞ്ഞു:
`അതിയാനോട് മോനിതൊന്നും പറയ. ഒരു മാതിരി മനുഷ്യനാണ്. ദൈവഭയം ഇല്ല്യാത്തോനാണ്. പള്ളീപോക്കും പ്രാര്‍ത്ഥനേം ഒന്നും ഇല്ല്യാത്തോനാണ്. അച്ചനോടു പറയണം. അയാളെ ചത്താ പള്ളീ കേറ്റര്ത്ന്ന്. അവടെ കെടക്കട്ടെ. പുഴുത്തുനാറട്ടെ. ദൈവം അങ്ങനെ പകരം ചോദിക്കട്ടെ.'
അമ്മാമ്മ മെല്ലെയെഴുന്നേറ്റ് അകത്തേക്കു പോയി.
അകത്തുനിന്നും അപ്പാപ്പന്‍ വന്നു. ഉറക്കത്തില്‍നിന്നെഴുന്നേറ്റ് കള്ളിമു് അശ്രദ്ധമായി വാരിചുറ്റിയിരിക്കുകയാണ്. ചോര വാര്‍ന്നുപോയപോലെ വിളര്‍ത്തതാണ് മുഖം. തലയില്‍ അവിടവിടെയായി കുറച്ചുനരച്ച രോമങ്ങളേയുള്ളൂ. ഒരു കാല്‍ വളരെ പതുക്കയേ നിലത്തു ചവിട്ടുന്നുള്ളു. കാലില്‍ നന്നായി നീരു്.
`ആരാ?'
ആളെ മനസ്സിലാവാതെ അപ്പാപ്പന്‍ കുഴഞ്ഞു. അയാള്‍ ഭവ്യതയോടെ ചിരിച്ചുകൊ് എഴുന്നേറ്റുനിന്നു. ആ ചിരി ക് അപ്പാപ്പന്റെ ചുിലും ഒരു ചിരി വിരിഞ്ഞു. അദ്ദേഹം പറഞ്ഞു:
`ഇരിക്ക്, ഇരിക്ക്.'
പെട്ടെന്ന് അദ്ദേഹത്തിനെന്തോ ഓര്‍മ്മ വന്നു. അദ്ദേഹം ഒന്നു പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ ശരീരവും വയറും കുലുങ്ങി.
`മൈതിന്‍കുഞ്ഞ് പറഞ്ഞുവിട്ടതായിരിക്കും അല്ലേ? പാര്‍ട്ടിസിക്രട്ടറി മൈതിന്‍കുഞ്ഞ്'
`അതെ.'
അയാള്‍ പറഞ്ഞു.
`അവനോട് പറഞ്ഞേക്ക്, ഞാന്പ്പളും ഇവടെ്ന്ന്, ചത്തിട്ടില്ല്യാന്ന്. ചോന്ന കൊടീം റീത്തും ഒന്നും കൊരാറായിട്ടില്ല്യാന്ന്. ന്നാലും അധികം വൈകില്ല.'
അപ്പാപ്പന്‍ പിന്നെയും പൊട്ടിച്ചിരിച്ചു.
`ഞാന്‍ ഇപ്പൊ കമ്മിറ്റിക്കൊന്നും വരണില്യാന്ന് ബ്രാഞ്ചില് വെല്യ കംപ്ലേന്റാരിക്കും അല്ലേ? ആ മീശമാധവന്‍ എന്നെപ്പറ്റി ഇപ്പൊ എന്താ പറയാറ്? വര്‍ഗ്ഗവഞ്ചകന്‍ന്ന്, അല്ലേ? ബൂര്‍ഷാസീന്ന്?'
അയാള്‍ ചിരിച്ചു. അപ്പാപ്പനെ തണുപ്പിക്കാനായി അയാള്‍ പറഞ്ഞു.
`അങ്ങന്യൊന്നൂല്യ. അപ്പാപ്പനിപ്പൊ നടക്കാന്‍ വയ്യാതെ ഇരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പാപ്പന്റെ പഴയകാലത്തെ സേവനങ്ങള് തന്നെ പാര്‍ട്ടിക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്.'
അപ്പാപ്പന്‍ അടങ്ങിയില്ല. പുച്ഛസ്വരത്തില്‍ അദ്ദേഹം പറഞ്ഞു:
`പഴേ കാലത്തെ സേവനങ്ങള്. അതൊക്കെ പറഞ്ഞീര്ന്ന്ട്ട് എന്താടോ ഒരു കാര്യം? പഴേ കാലത്തെ സേവനങ്ങള് കൊ് പാര്‍ട്ടി മുമ്പോട്ട് പോവ്വോ? ഇപ്പ മുമ്പോട്ട് പോണങ്കി ഇപ്പൊ പ്രവര്‍ത്തിക്കണം. ഒരടിനടക്കാന്‍ പറ്റേങ്കില് ആ ദുര്‍ഘടം പിടിച്ച കോണിപ്പടി കേറി ഞാനവിടെ വരില്ലേ?'
`അതെ, അതെല്ലാവര്‍ക്കുമറിയാം.'
അയാള്‍ പറഞ്ഞു:
`വേ, വേ, ഒരുത്തന്റേം സഹതാപം ഇനിക്കു വേ. സഹതാപം കൊാെന്നും പാര്‍ട്ടി വളരില്യാന്ന് ഗംഗാധരന്‍ എന്നോട് പറഞ്ഞിട്ടു്. ഏതു ഗംഗാധരന്‍? പി. ഗംഗാധരന്‍. അയ്യാള് പിന്നെ പാര്‍ട്ടി മാറിപ്പോയി. അതാ പറഞ്ഞേ, ഒരു വ്യക്തീം പാര്‍ട്ടീടെ മുമ്പില് വെലുതല്ല.'
അപ്പാപ്പന്‍ തന്റെ കാല് ടീപ്പോയിലേക്ക് കയറ്റിവെച്ചു. നീരുവിങ്ങി ചിലയിടത്ത് കാല് പൊട്ടി പഴുക്കാന്‍ തുടങ്ങിയിരുന്നു. കരുവാളിച്ച ഒരു നിറം ആകെ ബാധിച്ചിട്ടു്. കാലനങ്ങുമ്പോള്‍ വേദനിക്കുന്നുവെന്ന് മുഖം വ്യക്തമാക്കി.
`പരിയാരം കേസില് എന്നെ കുടുക്കി പിടിച്ചപ്പൊ ലോക്കപ്പില് കെടന്നട്ട് മൂന്നു പ്രാവശ്യം എന്റെ ബോധം പോയി. ബോധം വരാന്‍വേി പോലീസുകാര്‍ മുഖത്ത് വെള്ളം തളിക്കും. ബോധം വരും. പിന്നേം തല്ല്, ബോധം പൂവ്വും അപ്പഴും ഞാന്‍ കരഞ്ഞിറ്റില്ല, പക്ഷേ ഇന്നലെ ഞാന്‍ കരഞ്ഞു.'
അപ്പാപ്പന്‍ ഒന്നു നിറുത്തി. അയാളുടെ മുഖത്ത് നോക്കി ചോദിച്ചു.
`നിയ്യ് യുവജനരംഗത്താരിക്കും അല്ലേ?'
`അതെ.'
അയാള്‍ പറഞ്ഞു.
`നിന്റെ വെള്ളക്കുപ്പായത്തിന് ഒരു ചുളിവും ഇല്ലല്ലോടാ?'
അയാള്‍ കസേരയിലിരുന്ന് ഒന്നു പരുങ്ങി, അപ്പാപ്പന്‍ തുടര്‍ന്നു.
`ഇനിക്ക് എന്തൊക്ക്യാ സൂക്കേട്കള് ഒള്ളതെന്ന് ഇനിക്കൊരു ഓര്‍മ്മേ ഇല്യ. ഡോക്ടര്‍മാര് ഓരോ ദിവസോം ഓരോ സൂക്കേടിന്റെ പേരു പറയും. ഞാനനുഭവിക്കണ ഒരു വെഷമം ഇനിക്കു നടക്കാമ്പറ്റാത്തതാ. കാല്ങ്ങനെ ഒരടിവെക്കുമ്പൊ പ്രാണന്‍ പൂവ്വും. അതോ് മീറ്റിംഗിനു വരാന്‍ പറ്റില്യാ. ജാഥയ്ക്കു വരാന്‍ പറ്റില്യാ.'
`പക്ഷേ മിനിയാന്നുവരെ ഞാന്‍ വായിച്ചേരുന്നു. നമ്മടെ പുസ്തകങ്ങള്. നമ്പൂതിരിപ്പാടിന്റേം, ബാലരാമിന്റേം. ഇന്നലെ കാലത്ത് ചായ കുടിച്ചിട്ട് ഞാന്‍ നമ്മടെ പാര്‍ട്ടി പത്രം എടുത്തുനോക്കി. കണ്ണിലാകെ ഒരു മൂടല്. കണ്ണും കണ്ണടേം ഒന്നുകൂടി തൊടച്ചിട്ട് പിന്നേം എടുത്തുപത്രം. ഒരക്ഷരം തെളിയണില്യ. അപ്പൊ ഞാങ്കരഞ്ഞു.'
അപ്പാപ്പന്‍ പെട്ടെന്നു നിറുത്തി. അദ്ദേഹം മുഖം മറക്കാനൊരു ശ്രമം നടത്തി. കണ്ണില്‍നിന്നു കണ്ണുനീര്‍ ഒഴുകുകയാണ്. എല്ലാ നിയന്ത്രണങ്ങളുംവിട്ട് അപ്പാപ്പന്‍ തേങ്ങിക്കരഞ്ഞു.
`എന്താ അപ്പാപ്പാ ഇത്? കുട്ടികളെപ്പോലെ.'
അയാള്‍ എഴുന്നേറ്റുചെന്ന് തോളില്‍ കൈവച്ച് അദ്ദേഹത്തെ സമാധാനിപ്പിച്ചു. അപ്പാപ്പന്‍ പിന്നെ ഒന്നും പറഞ്ഞില്ല. കണ്ണടച്ച് എന്തൊക്കെയോ ഓര്‍ത്തുകൊ് കസേരയില്‍ അങ്ങനെ ഇരുന്നു.
`ഡാ മോനേ, നീയ്യിങ്ങട്ട് വന്നേ.'
അകത്തുനിന്ന് അമ്മാമ്മ അയാളെ വിളിച്ചു.
ഡൈനിംഗ് ടേബിളില്‍ ഫ്‌ളാസ്ക്കില്‍നിന്ന് ചായ പകര്‍ന്നുവെച്ച് അമ്മാമ്മ അയാളെ കാത്തിരിക്കുകയായിരുന്നു. ഒരു പ്ലേറ്റില്‍ അച്ചപ്പവും കൊഴലപ്പവും അവര്‍ എടുത്തുവെച്ചിരുന്നു.
`നീയ്യിത് വന്നിര്ന്ന് തിന്ന്. എന്തൂട്ടാ നീയ്യ് ആ കെഴവനായിട്ട് കിന്നാരം? അയ്യാള് ആര് വന്നാലും ഇങ്ങനെ തൊള്ള തൊറക്കും. നാണോ മാനോം ഇല്ലാത്ത മനുഷ്യന്‍.'
അയാള്‍ ചായ കുടിച്ചു. നല്ല തകര്‍ച്ചയും മധുരവുമുള്ള അച്ചപ്പമായിരുന്നു. എള്ളുചേര്‍ത്ത കൊഴലപ്പം. അയാളിതൊക്കെ കുട്ടിക്കാലത്ത് കഴിച്ചതാണ്. നല്ല രസം തോന്നി.
അമ്മാമ്മ പറഞ്ഞു:
`ഇവടെ ഇപ്പൊ കാലത്ത് മാത്രേ വെപ്പൊള്ളൊ. കാലത്ത് പുലര്‍ച്ചക്ക് ഒരു പെണ്ണു വരും. അടിച്ചുകോരി പാത്രം മോറി ചോറും കൂട്ടാനും ചായേം വെച്ചൊരുക്കി അവളു പൂവ്വും. പിന്നെ ഞാനും ഈ തന്തേം മാത്രം. നേരാനേരം എന്തെങ്കിലും ഇടുത്ത് കുടിക്ക്യാ, കെടുക്ക്വാ. ചാവാന്‍ നേരത്ത് വെള്ളെടുത്ത് തരാനും കൂടി ഒരാളില്യ.'
ചായ കഴിച്ച് അയാളെഴുന്നേറ്റു.
അമ്മാമ്മ ചോദിച്ചു.
`എന്തേ നീയിതു മുഴുവന്‍ തിന്നാഞ്ഞേ? നിനക്ക് വെശക്കണില്ല്യേ?'
`അതുമതി അമ്മാമ്മേ.'
അയാള്‍ പറഞ്ഞു.
അമ്മാമ്മ അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊ് ചട്ടയുടെ ഉള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ഒരു പുസ്തകം പുറത്തെടുത്തു. അത് അയാളെ ഏല്പിച്ചുകൊ് അമ്മാമ്മ പറഞ്ഞു.
`ഇത് നീയ്യ് അച്ചന് കൊാേയി കൊടുക്കണം. അമ്മാമ്മക്കിനി ഇതോ് ഉപകാരല്യ ഇവടെ വെച്ചാ ആ കഴ്‌പ്പെട്ട തന്ത ഇത് പേപ്പറ്കാര്‍ക്ക് തൂക്കി വിക്കും. അമ്മാമ്മേടെ വക്യായിട്ട് ഇത് പള്ളീലിരിക്കട്ടെ.'
പുസ്തകം സ്വീകരിച്ചുകൊ് അയാള്‍ പുറത്തുകടന്നു. അമ്മാമ്മ ശബ്ദമമര്‍ത്തി വിളിച്ചു പറഞ്ഞു.
``കുപ്പായത്തിനകത്ത് ഒളിപ്പിച്ചുവെക്ക്. ആ തന്ത സംശയിക്കും. പിന്നെ വല്ല വോതീനോം പറഞ്ഞുാക്കും. ഒളിപ്പിച്ചുവെക്ക്.'
സ്വീകരണമുറിയില്‍ തന്റെ മൂക്കുകണ്ണടവച്ച് കണ്ണിനോടു ചേര്‍ത്തുപിടിച്ച് ഒരു പുസ്തകം വായിക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പാപ്പന്‍. അദ്ദേഹം `'പോലെ വളഞ്ഞാണിരുന്നത്. അയാള്‍ ചെന്നപ്പോള്‍ അദ്ദേഹം ആ ശ്രമത്തില്‍നിന്നും പിന്‍വാങ്ങി.
`എന്താ നിനക്ക് അവളുമായിട്ട് ഒരു പ്രണയം? വ്യാകുല മാതാവ്. വളഞ്ഞ് നടക്കണ് കില്ലേ. തലേല് കളിമണ്ണാ. തനിക്കഴുത.'
അയാളതുകേട്ട് വെറുതെ ചിരിച്ചുകൊുനിന്നു.
കൈയിലിരുന്ന പുസ്തകം അപ്പാപ്പന്‍ അയാള്‍ക്കു നീട്ടി.
`പ്രഭാകരന്‍നായര്‍ മുപ്പത് കൊല്ലം മുമ്പ് ഇനിക്കുതന്ന പുസ്തകാ ഇത്. എല്ലാ ദിവസോം കെടക്ക്‌ണേനു മുമ്പ് ഞാനിത് കൊറേശ്ശെ വായിച്ചേര്ന്നു. ഇനിപ്പോ ഇത് ഇവടെ വെച്ചട്ട് കാര്യല്ല. നീയിത് മൈതിന്‍കുഞ്ഞിനെ ഏല്പിക്കണം. ആരെങ്കിലും ഇത് വായിക്കട്ടെ.'
ആ പുസ്തകവും അയാള്‍ വാങ്ങിച്ചു.
ഒരു ഓട്ടോറിക്ഷയിലാണ് അയാള്‍ നഗരത്തിലേക്കു തിരിച്ചത്. നഗരാതിര്‍ത്തിയിലെ ഒരു ബാറില്‍ അയാള്‍ കയറി. ചുമട്ടുകാരും താണ വരുമാനക്കാരും ചെന്നുകുടിക്കുന്ന ഒരിടമായിരുന്നു അത്. മേശകളിന്മേല്‍ ഇറച്ചിയുടേയും മറ്റും അവശിഷ്ടങ്ങള്‍ കിടന്നിരുന്നു. നിലത്ത് ആരോ ഛര്‍ദ്ദിച്ചിട്ടു്. എല്ലായിടത്തും ഈച്ചകള്‍ ശബ്ദമുാക്കിക്കൊ് പറക്കുന്നു.
രാത്രിയാവുംവരെ അയാള്‍ അവിടെയിരുന്നു മദ്യപിച്ചു. അവസാനം അയാള്‍ വല്ലാതെ ക്ഷീണിച്ചു. വിയര്‍പ്പില്‍ കുളിച്ചു. ഗ്ലാസ്സിലെ അവസാനത്തെ ഇറക്ക് മദ്യം കഴിച്ചശേഷം നെടുവീര്‍പ്പോടെ അയാള്‍ പറഞ്ഞു:
`ഈശ്വരാ'
രാത്രിയില്‍ നഗരത്തിലെ സ്റ്റാര്‍ ഹോട്ടലിലാണ് അയാള്‍ താമസിച്ചത്. വര്‍ണ്ണശബളവും വിശാലവുമായിരുന്നു അയാളുടെ മുറി. തണുപ്പും സുഗന്ധവും അവിടെ നിറഞ്ഞിരുന്നു.
തെരുവില്‍നിന്ന് അയാള്‍ക്ക് കൂട്ടുകിടക്കാന്‍ കൊുവന്നിരുന്ന പെണ്ണ് അവിടെയൊരിടത്ത് നിന്നിരുന്നു. അവള്‍ സാരിയഴിച്ച് വൃത്തിയായി മടക്കി കട്ടിലിലൊരിടത്ത് ഒതുക്കിവെച്ചു.
കട്ടിലിലിരുന്ന് അയാള്‍ അവളെ നോക്കി. അവള്‍ വല്ലാതെ മെലിഞ്ഞതായിരുന്നു. ഇടയ്ക്ക് ചുമക്കുന്നുമു്. ബ്ലൗസിനു മുകളില്‍ തോളെല്ലുകള്‍ ഭീകരമായി മുഴച്ചുനില്ക്കുന്നു. റോസ്‌നിറമുള്ള അടിപ്പാവാടക്കടിയില്‍ നിഴലിച്ചുകാണുന്നത് ഇടുപ്പെല്ലുകള്‍ മാത്രമാണ്. അയാള്‍ മനസ്സില്‍ വിചാരിച്ചു, ഇവളാണോ പഴയ കിങ്‌സര്‍ക്കിളിലെ റാണി?
അവള്‍ ചോദിച്ചു.
`എന്താ, ഇങ്ങനെ നോക്കുന്നത്? എന്റെ ഈ കോലം കിട്ടാവും അല്ലേ? എന്തിനാ എന്നെ ഇനിയും ഇതുമാതിരിയുള്ള സ്ഥലത്തേക്ക് വിളിച്ചുകൊരണത്? സിറ്റീല് എത്ര പുതിയ പെണ്ണുങ്ങളാ ഉള്ളത്. പഴയ കാബറേക്കാര് ഒരു വീട്ടില് ഒന്നിച്ച് പാര്‍ക്കണ്്. അവരെയാരെങ്കിലും വിളിച്ചാ മതിയായിരുന്നു.'
അയാള്‍ മെല്ലെ ചിരിച്ചു. അവള്‍ കട്ടിലില്‍ അയാളുടെ അരികില്‍ വന്നിരുന്നു. അയാളുടെ തോളില്‍ മുഖമമര്‍ത്തി.
`ഇപ്പോ ഉടുത്തൊരുങ്ങി രാപകല്‍ നടക്കാന്നേ ഉള്ളൂ. ഒരാളും തിരിഞ്ഞുനോക്കണില്ല. നടന്നു നടന്നു വശംകെട്ട് വല്ലേടത്തും വീണുകെടന്ന് ഉറങ്ങും. പുലര്‍ച്ചയ്ക്ക് ചെലപ്പോ ആരെങ്കിലും വന്നു വിളിക്കും. വല്ല ഓവിലേക്കോ ഇടുക്കിലേക്കോ കൊുപോവും.'
അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു. എല്ലുകള്‍ മുഴച്ചുനില്ക്കുന്ന മുതുകില്‍ തലോടി, അയാള്‍ ചോദിച്ചു.
`നീയെന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് നടക്കണ്? ഞാനൊരു വീടുവെച്ചുതരാമെന്നു പറഞ്ഞതല്ലേ?
`എനിക്കാരടേം ഓശാരം ഒന്നും വേ. ഞാനിങ്ങനെ നടന്നുനടന്ന് വല്ലോടത്തും വീണു ചാവും അതാ സുഖം.'
അവള്‍ കരഞ്ഞു.
പിന്നെ അവള്‍ മുഖം തുടച്ചു. അയാളെ വരിഞ്ഞുമുറുക്കി കാതില്‍ നാവുകൊ് തൊട്ടു. അവള്‍ ചോദിച്ചു.
`എനിക്ക് മുല്ലപ്പൂമാല വാങ്ങിച്ചില്ലേ?'
അയാളെഴുന്നേറ്റു, മേശപ്പുറത്തു കിടന്നിരുന്ന രു പുസ്തകങ്ങളെടുത്ത് അവള്‍ക്കു കൊടുത്തു. അവള്‍ ആശ്ചര്യത്തോടെ അതു വാങ്ങി.
ഒന്നു തുകല്‍ ബൈന്റിട്ടതാണ്. വല്ലാതെ മുഷിഞ്ഞിരിക്കുന്നു. പുറംചട്ടമേല്‍ വിശുദ്ധഗ്രന്ഥം പുതിയ നിയമം എന്നെഴുതിയിരിക്കുന്നു. മറ്റേത് ന്യൂസ് പ്രിന്റിലുാക്കിയ ചെറിയ പുസ്തകം. സ്റ്റാപിള്‍സ് തുരുമ്പിച്ചിരിക്കുന്നു. മാര്‍ക്‌സ്, ഏംഗല്‍സ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
`ഇത് നീയെടുത്തോ'
അവള്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു.
`ഞാനെന്താ വല്ല പരീക്ഷക്കു പഠിക്കയാണോ?'
അപ്പോള്‍ അയാള്‍ അന്നു പകല്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് അവളോട് വിസ്തരിച്ചു പറഞ്ഞു. അവളുടെ കണ്ണുനിറഞ്ഞുപോയി. അവള്‍ ചോദിച്ചു.
`നാളെ രാത്രി അതുങ്ങളെ കൊല്ലും, അല്ലേ.?'
അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. വിളക്കുകളണച്ച് അയാള്‍ കിടന്നു. അയാളുടെ നെഞ്ചില്‍ അവളുടെ കണ്ണുനീര്‍ വീണു.

No comments:

Post a Comment

[b]