Sunday, October 17, 2010

ദീര്‍ഘയാത്ര - തകഴി ശിവശങ്കരപ്പിള്ള

അത്‌ ഒരു വീടാണ്‌! കലവും ചട്ടിയും ഉണ്ട്‌; ഒരു പീഞ്ഞപെട്ടിയും ഉണ്ട്‌. രണ്ടുമൂന്നു പായ്‌കള്‍ തെറുത്തു വച്ചിരിക്കുന്നു. അതിനുള്ളില്‍ ഒരു പൂച്ച ചുരുണ്ടു കിടന്നുറങ്ങുന്നു. മൂന്നുനാലു കുപ്പികളും ഒരു ബക്കറ്റും മുകളില്‍ കെട്ടിതൂക്കിയിരിക്കുന്നു. വാരിക്കിടയില്‍ ഏഴെട്ടു തവികള്‍ തിരുകിവച്ചിട്ടുണ്ട്‌. വണ്ടിക്കു മുകളില്‍ ഒരു പൂവന്‍ കോഴി കഴുത്തുനീട്ടി നിന്നു നാലുപാടും നോക്കുന്നു.
വഴിയരികിലെ ആ കൊച്ചടുപ്പിന്റെ പ്രകാശത്തില്‍, അതിനുമുമ്പില്‍ ഒരു മനുഷ്യരൂപം ഇരിക്കുന്നതു കാണാമായിരുന്നു. തീ ആളിക്കത്തുമ്പോള്‍ മാത്രം അതിന്റെ മുഖം ദൃശ്യമാകും. ചിലപ്പോള്‍ അത്‌ ഒരു ഛായയായും തോന്നിപ്പോകും. നിശ്ചലമായി ഒരു ശിലാപ്രതിമപോലെ അവള്‍ കുത്തിയിരിക്കുന്നു.
വികാരനിര്‍ഭരമായ ഒരു ഗാനം ശാന്തിയും സമാധാനവും നിറഞ്ഞ ആ അന്തരീക്ഷത്തില്‍ കൊച്ചലകളിളക്കി. അകലെയുള്ള വീട്ടുകാരും ചെവിയോര്‍ത്തിരുന്നു. ആ ഭാഷ ആര്‍ക്കും മനസ്സിലായില്ല. പക്ഷേ, ആ ഗാനത്തിന്റെ ജീവശക്തി ആത്മാവിനെ സ്‌പര്‍ശിച്ചു. ആ ഗാനത്തിന്റെ ലയങ്ങള്‍ മനുഷ്യനില്‍ മങ്ങി മയങ്ങിക്കിടന്ന ചില ഉല്‍ക്കണ്‌ഠകളെ തട്ടിയുണര്‍ത്തി. ഇന്നല്ലെങ്കില്‍ നാളെ ആ പാട്ടു ആരും പാടണം.
അതു ശബ്‌ദമധുരമായ ഒരു പ്രണയ ഗാനമല്ല. വിടര്‍ന്നു വരുന്ന പനിനീര്‍പ്പൂവിനോടു ചോദിക്കുന്ന ചെറു ചോദ്യങ്ങളുമല്ല. തളര്‍ന്നവശനായ വഴിപോക്കന്റെ പാട്ടാണത്‌. അവന്‍ പിന്നിട്ട നീണ്ട പെരുവഴിയിലെ ക്ലേശപൂര്‍ണമായ അനുഭവങ്ങളെക്കുറിച്ചുള്ള സ്‌മരണകള്‍! അല്ല. അനന്തമായ ശൂന്യതയുടെ ചിത്രീകരണം. വായ്‌ വരണ്ട്‌ അവന്റെ നാവ്‌ തിരിയുന്നില്ലേ? അവന്റെ തൊണ്ട വിറയ്‌ക്കുന്നു. ബുദ്ധിക്കു തെളിച്ചമില്ല. ഹൃദയം മാത്രം ശരിക്കു സ്‌പന്ദിക്കുന്നുണ്ട്‌.
ആ ഗാനത്തിലെ ഓരോ വാക്കുകളും താങ്ങുവാന്‍ വയ്യാത്ത ഭാരം ചുമക്കുന്നുണ്ട്‌. അവ ഞെരിഞ്ഞു ഗാനത്തിനു ക്ലിഷ്‌ടതയും സംഭവിക്കുന്നുണ്ട്‌. പരമാണു ബ്രഹ്മാണ്‌ഡത്തോടു ചോദിക്കുകയാണ്‌. നിമിഷവും അനന്തതയും തമ്മിലുള്ള ബന്ധം നിര്‍വ്വചിക്കപ്പെടുകയാണ്‌. ശക്തിയും വസ്‌തുവും വിഭിന്നമല്ലെന്നു സ്ഥാപിക്കപ്പെടുകയാണ്‌. വിശാലമായ ആ ഭാവന ഓമര്‍ഖയ്യാമിനെ പെറ്റ നാടിനേ ഉണ്ടാകൂ.
ആ വൃദ്ധ ഗായകന്‍ തന്റെ സ്രഷ്‌ടാവിനോടു തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. എവിടെയാണ്‌ ഈ പെരുവഴി അവസാനിക്കുന്നത്‌?
കൂനിക്കൂടി വീടിനുള്ളില്‍ ഇരിക്കുന്ന ഒരു വൃദ്ധന്‍ അനുകമ്പാതുരനായി ആ ഗാനം ശ്രവിച്ചു കൊണ്ടിരുന്നു. അയാള്‍ പറഞ്ഞു.�`പാവം! അവനു വയ്യാതായി. ജീവിതത്തില്‍ അവന്‍ ഒന്നും സമ്പാദിച്ചിട്ടില്ല.''
വിറയലാര്‍ന്ന ആ കണ്‌ഠം ക്രമേണ നിശ്ശബ്‌ദമായി. അര്‍ദ്ധരാത്രിയോടു സമീപിച്ചപ്പോള്‍ വഴിയരികിലെ അടുപ്പില്‍ ജ്വലിച്ചുകൊണ്ടിരുന്ന കനലുകളും ചാരം മൂടി അണഞ്ഞു. ഇടയ്‌ക്കിടയ്‌ക്കു കാളയുടെ കഴുത്തിലെ മണി അലസമായി കിലുങ്ങുന്നതു കേള്‍ക്കാം.
അവര്‍ ഉറങ്ങി.
അത്‌ ഒരു ഗൃഹമാണ്‌. സമുദായം ആവശ്യപ്പെടുന്ന രീതിയിലുള്ള ഗൃഹം. ഭൂമിയില്‍ വേലികെട്ടി അതിരിട്ട്‌ അതിനുള്ളില്‍ ഒരു വീടില്ലെന്നു മാത്രം. ആ ബന്ധവും ചില നിയമങ്ങളില്‍ അടിയുറച്ച സുദൃഢമായ ചില വിശ്വാസങ്ങളില്‍ പുലരുന്ന ഒന്നാണ്‌. അവള്‍ അവനുള്ളതും അവന്‍ അവള്‍ക്കുള്ളതുമാണ്‌. അങ്ങനെ ജീവിതത്തിന്റെ ക്രമീകരണത്തിലും വെടിപ്പിലും ആ ബന്ധവും അതിന്റെ പങ്ക്‌ നിര്‍വഹിക്കുന്നുണ്ട്‌. എന്നാല്‍ ആ ഗൃഹം പ്രതീക്ഷകള്‍ അസ്‌തമിച്ച്‌ അപ്രസന്നമായിപ്പോയി. ആ വണ്ടി പഴയതായി. കെട്ടുകള്‍ ദ്രവിച്ചും ആണികള്‍ ഇളകിയും അതു കുടുങ്ങിത്തുടങ്ങി. ഇനി എത്രനാള്‍ അത്‌ ഉരുളും?
ആ ബന്ധത്തിനും ഒരു ചരിത്രം കാണുമായിരിക്കാം. സംവത്സരങ്ങള്‍ക്കപ്പുറം ദൂരസ്ഥമായ പേര്‍ഷ്യയിലെ പനിനീര്‍ച്ചെമ്പകത്തോട്ടത്തില്‍വെച്ച്‌ ഒരു വസന്തകാല രാത്രിയില്‍ പരസ്‌പരം ചെയ്‌ത വാഗ്‌ദാനങ്ങളെ ഇന്നും ഉഭയകക്ഷികളും ലംഘിച്ചിട്ടില്ലായിരിക്കാം. അല്ലെങ്കില്‍ ഉന്‍മേഷവതിയായ അവള്‍ തെറ്റു ചെയ്‌തിട്ടുണ്ടായിരിക്കാം. അയാളും ചെറുപ്പത്തിന്റെ വിളികള്‍ക്കു വഴിപ്പെട്ടിരിക്കാം. എങ്കിലും അവര്‍ക്ക്‌ അതൊക്കെ മറക്കാന്‍ കഴിഞ്ഞു. പേര്‍ഷ്യയിലെ പൊതുവഴികളിലൂടെ മിന്നല്‍പോലെ പാഞ്ഞ ഈ വണ്ടിക്കുള്ളില്‍നിന്ന്‌ പ്രതീക്ഷകള്‍ നിറഞ്ഞ പൊട്ടിച്ചിരികളും കഴമ്പില്ലാത്ത പുലമ്പലുകളും കേട്ടിരുന്നു. കരുത്തുള്ള ഒരു മൂരിക്കുട്ടന്‍ തലയും കുലുക്കി മുമ്പേ പാഞ്ഞുകൊണ്ടിരുന്നു. അഫ്‌ഗാനിസ്ഥാനിലെ മലയിടുക്കുകള്‍ ആ ശകടത്തെ ഉല്‍ക്കണ്‌ഠകള്‍കൊണ്ടു ഘനപ്പെടുത്തി. അന്നവര്‍ മധ്യവയസ്‌ക്കരാണ്‌. ഭാരതത്തിലെ പൊടിപറക്കുന്ന വിശാലസമതലപ്രദേശങ്ങളിലൂടെ ഉരുകി ഒലിക്കുന്ന വെയിലില്‍ അവര്‍ യാത്ര തുടര്‍ന്നു. അവര്‍ക്കു പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ന്നുപോയി. അവര്‍ വൃദ്ധരായി. എങ്കിലും അവര്‍ക്ക്‌ പരസ്‌പരം നോക്കിയിരുന്നിട്ടു മതിവന്നിട്ടില്ല. ആ വണ്ടി ഇഴഞ്ഞ്‌ ഉരുണ്ടുകൊണ്ടിരുന്നു.
അടുത്ത പ്രഭാതത്തില്‍ വൃദ്ധനും വൃദ്ധയും ആ മരച്ചുവട്ടില്‍ തങ്ങളുടെ കാളയെ നോക്കി നില്‍ക്കുന്നതു കാണായി. അതു ചത്തുപോയി.
കുറേ അധികം പേര്‍ അവിടെ കൂടി. എല്ലാവരും അവരോടു സഹതപിച്ചു. പക്ഷേ, ആ നഷ്‌ടം വൃദ്ധനെയും വൃദ്ധയെയും അശേഷം ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. ഇരുവരും എന്തോ ഓര്‍ത്തുകൊണ്ടിരുന്നു.
കൂടിയിരുന്നവരില്‍ ഒരാള്‍ മറ്റൊരാളോടു ചോദിച്ചു.
``ഇനി ഇവരെന്തു ചെയ്യും? ഈ വണ്ടി എങ്ങനെ കൊണ്ടുപോകും?''
മറ്റെയാള്‍ പറഞ്ഞു:
``അതാണു ഞാനും വിചാരിക്കുന്നത്‌. ഒരു പക്ഷേ, വണ്ടി ഇവിടെ ഇട്ടേച്ചു പോകുമായിരിക്കും.''
``അവരുടെ സാമാനങ്ങള്‍ ചുമന്നു കൊണ്ടുപോകുമോ?''
``മറ്റൊരു കാളയെ വാങ്ങുമായിരിക്കും.''
``അതിനു ഗതിയുണ്ടെന്നു തോന്നുന്നില്ല.''
കുറച്ചുനേരം ആരും മിണ്ടിയില്ല. വേറൊരാള്‍ മറ്റൊരുവനോടു ചോദിച്ചു.
``ഇവര്‍ക്കെവിടെയാണു പോകേണ്ടത്‌?''
``എന്തോ?''
മരത്തണലില്‍ ഇരിക്കുന്ന വൃദ്ധന്‍ അല്‍പ്പം അകലെ ദൂരെ എവിടെയോ ദൃഷ്‌ടി അയച്ചിരിക്കുന്ന വൃദ്ധയെ കുറച്ചുനേരം സൂക്ഷിച്ചു നോക്കി. അയാളുടെ മിഴികള്‍ നനഞ്ഞു. വൃദ്ധ ഒന്നു ദീര്‍ഘമായി നിശ്വസിച്ചിട്ടു വൃദ്ധന്റെ മുഖത്തേക്കു നോക്കി. സഗദ്‌ഗദം അയാള്‍ എന്തോ പറഞ്ഞു. അവളുടെ കണ്ണുകളില്‍ നിന്നു ജലം ഇറ്റിറ്റു വീണു. മുകളിലേക്കു നോക്കി കൈക്കൂപ്പിക്കൊണ്ട്‌ സ്‌ഖലദ്വാക്യയായി അവളും എന്തോ ഉച്ചരിച്ചു. വൃദ്ധന്‍ തലകുനിച്ചിരുന്നു കരയാന്‍ തുടങ്ങി. അവള്‍ അയാളുടെ അടുത്തു ചെന്നിരുന്നു പുറം തലോടി ആശ്വസിപ്പിച്ചു.
ആര്‍ക്കും ആ രംഗത്തിന്റെ പൊരുള്‍ മനസ്സിലായില്ല. ഒരു വൃദ്ധന്‍ അതെല്ലാം സൂക്ഷിച്ചു നില്‍ക്കുകയായിരുന്നു. അയാള്‍ പറഞ്ഞു:
``അതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായി.''
വൃദ്ധന്റെ ചുറ്റും ആളു കൂടി. വൃദ്ധന്‍ തുടര്‍ന്നു: അയാള്‍ തൊണ്ട ഇടറിയാണു പറഞ്ഞത്‌, ``ഇങ്ങനെ ഒരു ദിവസം വഴിയരികില്‍ കിടന്നു ഞാനും അങ്ങു പോകും. പിന്നെ നിനക്കു കൂട്ടാരാണ്‌ എന്നാണ്‌.''
ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു.
``അവള്‍ പറഞ്ഞതോ?''
``അങ്ങനെ ദൈവം വരുത്തുകയില്ല, ഞാന്‍ ഈ മുഖം കണ്ടുകൊണ്ടു കണ്ണടയ്‌ക്കും എന്നാണ്‌''
``അമ്മാവന്‌ അവരുടെ ഭാഷ അറിയാമോ?'' മറ്റൊരു ചെറുപ്പക്കാരന്‍ ചോദിച്ചു.
``വയ്യാ.''
``പിന്നെ അതെങ്ങനെ മനസ്സിലായി?''
``ഇതല്ലാതെ അവര്‍ക്ക്‌ ഒന്നും പറയാനില്ല; പറയാന്‍ കാണുകയില്ല.''
* * *
പിറ്റേന്നു വെളുപ്പിനെ ഭാര്യയും ഭര്‍ത്താവും കൂടി തണ്ടിനിരുപുറത്തും നിന്ന്‌ ആ വണ്ടി വലിച്ചുകൊണ്ടു തങ്ങളുടെ യാത്ര ദീര്‍ഘമായ പെരുവഴിയിലൂടെ തുടര്‍ന്നു. 

No comments:

Post a Comment

[b]