Sunday, October 17, 2010

ഫോക് ലോറും മലയാള നാടകവും - ഡോ. എല്‍. തോമസ്കുട്ടി

ഡോ. എല്‍. തോമസ്കുട്ടിഫോക്‌ലോറും മലയാള നാടകവും
1967-ല്‍ ശാസ്താംകോട്ടയില്‍ ചേര്‍ന്ന ആദ്യ നാടകക്കളരിയിലാണ് `തനത്' നാടകം എന്ന ആശയം രൂപമെടുക്കുന്നത്. ഇവിടത്തെ മണ്ണില്‍ വേരോട്ടമുള്ള, ജൈവ വികാസമുള്ള ഒരു നാടകവേദി സൃഷ്ടിക്കുക എന്നതായിരുന്നു കളരിയുടെ ലക്ഷ്യം.സമൃദ്ധമായ നമ്മുടെ നാടോടി രംഗകലകളില്‍ നിന്നും ഉചിതാംശങ്ങളെ സ്വാംശീകരിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാവൂ എന്നുള്ള നിഗമനമായിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെ അടിയൊഴുക്ക്. തെയ്യം, കാക്കാരിശ്ശി, പൊറാട്ട്, സീതകളി തുടങ്ങിയ അനുഷ്ഠാനേതര നാടകങ്ങളേയും മാന്‍കളി, കൂരാന്‍കളി, പുലികളി, വട്ടക്കളി തുടങ്ങിയ ഒട്ടേറെ അവതരണ കലകളേയും നാടക പ്രവര്‍ത്തകന്‍ പഠിക്കാനൊരുമ്പെടുന്നത് ഈ ഘട്ടത്തിലാണ്. നാടന്‍പാട്ടും കൊട്ടും ആട്ടവുമെല്ലാം മറ്റെല്ലായിടങ്ങളേയും പോലെ നമ്മുടെ പാരമ്പര്യത്തേയും സ്വരൂക്കൂട്ടുന്ന ഘടകമാണെന്ന തിരിച്ചറിവും ഇത്തരുണത്തില്‍ വളര്‍ന്നുവന്നു. അവയുടെ സ്വത്വാര്‍ത്ഥഗ്രഹണത്തിലൂടെ മാത്രമേ നമ്മുടെ സംവേദനത്തെ നിര്‍ണയിക്കാനാവൂ എന്നും നാടകപ്രവര്‍ത്തകന് ബോധ്യമായി. നടന പൈതൃകത്തില്‍ സംഭൃതമായിരിക്കുന്ന സൗന്ദര്യശാസ്ത്ര വിവക്ഷകളും സംവേദനോപാധികളും വര്‍ത്തമാനകാലത്തോട് സംവദിക്കുന്നതിന് ഉപയുക്തമാക്കിയാല്‍ കറയറ്റതും പ്രയോഗക്ഷമമായതുമായ പുത്തനൊരു നാടകവേദി മലയാളത്തിന് സൃഷ്ടിച്ചെടുക്കുവാന്‍ കഴിയുമെന്നും നാടകക്കളരിക്കാര്‍ വിശ്വസിച്ചു. നമ്മുടെ നാടോടി ജീവിത(Folk life)ത്തെയും നാടന്‍ഭാവുകത്വ(Folk Sensibility)ത്തെയും അടുത്തറിയാനുള്ള ഗൗരവവും സംഘടിതവുമായ പ്രഥമയത്‌നമായിരുന്നു ഇത്.
ഉത്സവാശ്രിതമാണ് നാടോടിക്കലകളുടെ ആരംഭമെന്ന് റോജര്‍ എബ്രഹാം (Roger Abraham) നിരീക്ഷിക്കുന്നു. ലോകത്തെല്ലായിടത്തും ആദ്യകാല ഉത്സവങ്ങള്‍ വിളവെടുപ്പുത്സവങ്ങളായിരുന്നു. അവയാകട്ടെ ഋതുക്രമത്തില്‍-നിശ്ചിത ഇടവേളയില്‍-ആവര്‍ത്തിക്കുന്നതുമാണ്. ഉര്‍വ്വരതാനുഷ്ഠാനങ്ങളും അതോടൊപ്പം കൊാടുന്നു. ഗ്രീക്കുനാടക പാരമ്പര്യത്തെ വിശകലനം ചെയ്യുന്ന കോണ്‍ഫോര്‍ഡ് (Frzncis M Conford) അനുഷ്ഠാനങ്ങളില്‍ നിന്നും പരിണമിച്ചതാണ് നാടോടി നാടകങ്ങളെന്ന് അഭിപ്രായപ്പെടുന്നു. സുവര്‍ണ്ണ കാസ(The Golden Bough)കാരനായ ഫ്രോയ്‌സ(James G. Frazer) റും ഈ നിഗമനത്തെ അനുകൂലിക്കുന്നു. ഇതിനു വിരുദ്ധാഭിപ്രായമുള്ള പണ്ഡിതന്മാരുമു്. എങ്കിലും ആരംഭദിശയില്‍ ഉത്സവം, ഉര്‍വ്വരതാനുഷ്ഠാനം, നാടകം ഇവ തമ്മില്‍ പരസ്പരബന്ധിതമായിരുന്നു എന്നു സാമാന്യമായി ഗണിക്കാവുന്നതാണ്.
ആദിമ ജനതയ്ക്ക് വിളവെടുപ്പ് (Harvest) മാത്രമാണ് വിശ്രമവേള. ഇളവേല്കലിന്റെ ഈ മുഹൂര്‍ത്തം സ്വാഭാവികമായും ഉത്സവാഘോഷങ്ങള്‍ക്ക് ഉള്ളതാകുന്നു. നിത്യജീവിതത്തിന്റെ ദുരിതങ്ങളില്‍ നിന്നുള്ള മുക്തി മുഹൂര്‍ത്തമാകുന്നു. വ്യക്തിക്കും സമൂഹത്തിനും അപരിചിതമായ ഒരു ക്ഷണികജീവിതം അത് പ്രദാനം ചെയ്യുന്നു. യാഥാര്‍ഥ്യത്തിന്റെ ശീലങ്ങള്‍ അവിടെ തലകീഴ്മറിയുന്നു. മായികവും അയഥാതഥവുമായൊരു വ്യവഹാരമണ്ഡലമായി ആള്‍ക്കൂട്ടാഘോഷം പരിവര്‍ത്തിതമാകുന്നു. എല്ലാ അംഗങ്ങളും ക്ഷണിക പ്രച്ഛന്ന ജീവിതം നയിക്കുന്ന ഈ അപൂര്‍വ്വവേളയിലാണ് ചട്ടങ്ങളെ മറികടക്കാനും അവയെ ഉറപ്പിക്കാനുമുള്ള വിരുദ്ധവും പൂരകവുമായ ക്രിയകള്‍ അരങ്ങേറുന്നത്. അനുഷ്ഠാനം (Ritual), നാടകം (Play), കളി (Game), നൃത്തം (Dance) എന്നീ നാട്യങ്ങളി(Performance)ലൂടെയാണ് ഇത് സാധ്യമാവുക.
ഗൗരവകര്‍മ്മമായി ഗണിക്കപ്പെടുന്ന അനുഷ്ഠാനമാണ് ഉത്സവങ്ങളുടെ മര്‍മ്മം. ഇതിലെ ചടങ്ങുകള്‍ക്കോ സ്ഥാനികള്‍ക്കോ മാറ്റങ്ങള്‍ സംഭവിക്കില്ല. സവിശേഷ അധികാരങ്ങളും ചമയങ്ങളും ഉപചാരങ്ങളുമുള്ള ഇക്കൂട്ടര്‍ (പാരമ്പര്യാ) തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കുകയും ചെയ്യും. അനുഷ്ഠാനത്തിലെ ഓരോ ക്രിയയും അത്യവധാനതയോടുകൂടി നടത്തപ്പെടുന്നതും തെറ്റിക്കാന്‍ പാടില്ലാത്തതും നിഗൂഢവത്ക്കരിക്കപ്പെട്ടതുമായിരിക്കും. വിലക്കുകളും വിശ്വാസങ്ങളും പ്രബലമായിരിക്കുന്ന അനുഷ്ഠാനത്തിന്റെ ഘടന അംഗങ്ങളെ നിയന്ത്രിക്കുന്നതും കേന്ദ്രത്തില്‍ സ്ഥാനികളെ നിലനിര്‍ത്തുന്നതും സ്ഥാവര സമൂഹത്തെ പ്രബലപ്പെടുത്തുന്നതുമായിരിക്കും. അധികാര വിന്യാസത്തിന്റെ ശ്രേണീവ്യവസ്ഥ സ്വരൂപിക്കുവാന്‍ സഹായിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷ പ്രയോജനം. വ്രതവും നോമ്പും മുറകളും കീഴ്‌വഴക്കങ്ങളും അതിന്റെ ഉപാധികളാവും.
ഇതിനു വിരുദ്ധമായ ധര്‍മ്മമാണ് വിനോദാഘോഷങ്ങള്‍ക്കുള്ളത്. അവിടെ, സമൂഹം ഒന്നടങ്കം മായികമായൊരു സമബോധത്തില്‍ മേളിക്കുന്നു. പൂര്‍വനിശ്ചിതമല്ലാത്ത ഫലങ്ങളും മനോയാത്രകളും സാധ്യമാക്കുന്ന സ്വതന്ത്രമണ്ഡലമാണിത്. അയഥാര്‍ഥ സ്വതന്ത്രവും സ്വപ്നാഭവുമായൊരു വിനിമയമാണിവിടെ. നിറക്കാഴ്ചകളും അപരിചിത രുചികളും കൗതുക-സാഹസിക പ്രകടനങ്ങളും അതിന്റെ ഭാഗമാകുന്നു. ആനമയിലൊട്ടകവും ഞാണിന്മേല്‍ കളിയും അതിന് അകമ്പടിചേരുന്നു. പൊയ്ക്കാലും ഭീമന്‍ ചക്രവും അവിടെ പ്രതീക്ഷിക്കാം. നിറമുള്ള ഉടുപ്പുകളും വര്‍ണ ബലൂണ്‍-മിഠായികളും മാത്രമല്ല അപരിചിതവും അനിത്യവുമായ ആള്‍ക്കൂട്ടം പോലും ഈ മായികതയെ പൂരിപ്പിക്കുന്നു. യാഥാര്‍ഥ്യത്തിന്റെ ഭാരതത്തില്‍ നിന്നും താല്‍ക്കാലികമായൊരു വിടുതലിന്റെ വേളയാണിത്. അവിടത്തെ അരങ്ങില്‍ അത്ഭുതപാത്രങ്ങളും അതീത ശക്തികളും സയുക്തികമാകുന്നു. ആ കഥാപാത്രങ്ങളെ കെട്ടിയാടുന്ന നടന്റെ മുഖം/സ്വത്വം മായ്ച്ചുകളഞ്ഞേ തീരൂ (മുഖംമൂടിയും മുഖത്തെഴുത്തും ഇതിന് സഹായകമാകുന്നു). അവന്റെ പാദങ്ങള്‍ നിലം തൊടാതിരിക്കുന്നത് ഉത്തമം (കളംപാട്ടുകാരന്‍ ഇലയില്‍ നില്‍ക്കുന്നു) അയഥാര്‍ഥത ആഘോഷമാകുന്ന ഈ വ്യവഹാരത്തിലാണ് രാജാവിനെ വിചാരണ ചെയ്യുവാനുള്ള അധികാരം പ്രജക്ക് കൈവരുന്നത്. സമൂഹവ്യവസ്ഥയെ തലകീഴായി പിടിച്ച് ആഘാതമേല്‍പിക്കാന്‍ വിദൂഷകനെന്നപാത്രം ഉയിരെടുക്കുന്നത്. ആദ്യകാല ഗ്രീക്ക് നാടകങ്ങള്‍ അരങ്ങേറിയിരുന്നത് വസന്തത്തിന്റെയും മദ്യത്തിന്റെയും ദേവനായ ഡയോണീസിന്റെ പ്രീതിക്കുവേിയായിരുന്നല്ലോ. മലവായിയാട്ടത്തിലും ബലിക്കളിയിലും ഭാരതംകളിയിലും വട്ടക്കളിയിലുമെന്നുവേ കേരളത്തിലെ ഒട്ടുമിക്ക നാടോടിക്കലക(അനുഷ്ഠാനങ്ങ)ളിലും കള്ളിനും ചാരായത്തിനും അനുഷ്ഠാനപരമായ പ്രാധാന്യമു്. ജീവിതം ഒരാഘോഷമാകുന്ന-ഉന്മാദമാകുന്ന-ആനന്ദ സാക്ഷാത്ക്കാരത്തിന് അത് പ്രയോജനപ്പെട്ടിരിക്കാം. എന്തുതന്നെയായാലും അനുഷ്ഠാനം സമൂഹത്തെ കേന്ദ്രത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഗൗരവപ്രക്രിയയായും അതിന്റെ പൂരകവിരുദ്ധ ധര്‍മ്മങ്ങളുള്ള വിനോദകലകള്‍ പാര്‍ശ്വവര്‍ത്തികളായും വ്യവസഥാ സന്തുലിതത്വം കാത്തിരുന്നുവെന്നു മനസിലാക്കാം.
നാടന്‍/നാടോടി (Folk), ജനകീയ (Popular), പരിഷ്കൃത (Sophisticated) നാടകങ്ങളെന്ന് നിലവിലുള്ള നാടകങ്ങളെ വിഭജിക്കാം. ഇതില്‍ നാടോടി നാടകങ്ങള്‍ ഗ്രാമീണരുടെ ചെറുസംഘങ്ങളിലാണ് രൂപമെടുക്കുന്നത്. അതിന്റെ അവതാരകരും പ്രേക്ഷകരും ഈ കൂട്ടായ്മ തന്നെയാണ്. സ്വാഭാവികമായും തുറന്ന നിലങ്ങളിലായിരിക്കും ഇതിന്റെ അവതരണം. പരസ്പരം പരിചിതരായ അവതാരകര്‍ക്കും പ്രേക്ഷകര്‍ക്കും വാമൊഴിയിലൂടെയോ പാരമ്പര്യാര്‍ജിതമായോ ലഭിക്കുന്ന പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ഋതുബദ്ധിതമായി (Seasonal) ആവര്‍ത്തിക്കുന്ന അവതരണങ്ങളായിരിക്കും ഇവ. ചലനമാതൃക (Pattern) ക്രിയാപ്രയോഗം (Play activity) സന്നിഹിത സാഹചര്യം (Context) എന്നിവ ഇതില്‍ പ്രധാനമാണ്.
ഫോക് തീയേറ്ററിന്റെ വികാസദശയിലാണ് പോപ്പുലര്‍ തീയേറ്റര്‍ ഉടലെടുക്കുക. പരിശീലനം സിദ്ധിച്ച നടന്മാരാണ് ഇതിന്റെ മുഖ്യസവിശേഷത. അനവതരണം തൊഴിലായി ഗണിക്കുന്ന ഇക്കൂട്ടര്‍ അപരിചിത കൂട്ടായ്മയിലും രംഗാവതരണം നടത്തുന്നു. സജ്ജീകരിച്ച കളിയിടവും ചിട്ടപ്പെടുത്തിയ സാഹിത്യരൂപവും അവര്‍ക്കുാവും. സീസണല്‍ അല്ലാത്ത- ആവശ്യപ്രകാരമുള്ള-അവതരണം അവിടെ സ്വാഭാവികമാണ്. സഞ്ചരിച്ച് നാടകാവതരണം നടത്തുന്ന ഇത്തരം ജനകീയ സംഘങ്ങള്‍ ലോകത്തെല്ലായിടത്തും നിലനിന്നിരുന്നു. ഇന്ത്യയിലും ഇത്തരം ടൂറിംഗ് പോപ്പുലര്‍ നാടകസംഘങ്ങളുായിരുന്നുവെന്ന് ബെല്‍വന്ത്ഗാര്‍ഗി സൂചിപ്പിക്കുന്നു്. ഇറ്റലിയിലെ കൊമേഡിയ ഡെല്‍ആര്‍ട്ടെ (comedia del arte) യൂറോപ്പിലെ ആരാധനാ നാടകങ്ങള്‍ (Liturgical plays)എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പത്തൊമ്പതാം നൂറ്റാാേടുകൂടി കേരളത്തില്‍ പ്രചാരം നേടിയ തമിഴ് സംഗീത നാടകങ്ങളും ഏതാ് ഇതിനോടടുത്ത് നില്ക്കും. ദേശാന്തരഗമനം നടത്തുന്ന പോപ്പുലര്‍ നാടകങ്ങള്‍ കാണികള്‍ക്ക് പരിചിത ഇതിവൃത്തങ്ങള്‍ സ്വീകരിക്കുമെങ്കിലും അവയുടെ ഖണ്ഡശ്ശയുള്ള അവതരണമായിരിക്കും നിര്‍വ്വഹിക്കുക. അതിന്റെ നൈരന്തര്യം നിലനിര്‍ത്താനായി സ്ഥിരം കഥാപാത്ര (stock characters)ങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും. വിദൂഷകനും സൂത്രധാരനുമൊക്കെ ഭാരതീയ നാടോടി നാടകവേദിയില്‍ അനുഷ്ഠിക്കുന്ന ധര്‍മ്മം ഇതാണ്.
പരിഷ്കൃത നാടകങ്ങളാവട്ടെ സ്ഥാവരരംഗവേദികളിലാണ് അവതരിപ്പിച്ചിരുന്നത്. സ്ഥിരമായി, ഉറച്ചിരുന്ന് ഒരു ദിശയിലേക്ക് നോക്കുന്ന പ്രേക്ഷകരാണ് അവിടെയുള്ളത്. പ്രേക്ഷകരും അവതാരകരും തമ്മിലുള്ള ബന്ധം ഇവിടെ പാടെ ഭിന്നമാകുന്നു. ആള്‍ക്കൂട്ടത്തെയല്ല ഒറ്റ ഒറ്റ അംഗത്തെയാണ് പരിഷ്കൃത നാടകവേദി അഭിസംബോധന ചെയ്യുന്നത്. തദനുസാരിയായി രംഗക്രിയകളെല്ലാം ഏകദിശോന്മുഖമാവുകയും കൂടുതല്‍ സൂക്ഷ്മതയോടെ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. വ്യക്തിയില്‍ ഉള്‍ക്കാഴ്ചയുാക്കുക ഈ നാടകവേദിയുടെ ലക്ഷ്യമാകുന്നു. ത്രിമാനത്തില്‍ നിന്നും ദ്വിമാനതയിലേക്ക് നാടകമിവിടെ പരിവര്‍ത്തിതമാകുന്നു. പ്രൊസീനിയം സ്റ്റേജ് ഇതിനുദാഹരണമാണ്. ചുരുക്കത്തില്‍ കൂടുതല്‍ അവദാനതയോടു കൂടിയതും സങ്കീര്‍ണ്ണതയേറിയതുമാണ് പരിഷ്കൃത നാടകം. കേരളത്തിലെ മുഖ്യധാരാ നാടകങ്ങളായ കൊമേഴ്‌സ്യല്‍/പ്രൊഫഷണല്‍ നാടകങ്ങള്‍ ഈ ഗണത്തില്‍പ്പെടും.
ആദിമനാടകങ്ങളില്‍ സൗന്ദര്യാത്മക മൂല്യമല്ല ആനന്ദമാണ് മുഖ്യമെന്ന് ഷെഹ്നന്‍ (Richard Schechner) നിരീക്ഷിക്കുന്നു. അതില്‍ അഭിനേതാവും പ്രേക്ഷകനുമില്ല. പങ്കാളികള്‍ മാത്രമേയുള്ളൂ. വിഭജിതമായൊരു സമൂഹമല്ല, പങ്കാളിത്ത സമഗ്രതയില്‍ സംഭവിക്കുന്ന പരസ്പരവിനിമയത്തിന്റെ ആഘോഷാനന്ദമാണത്. സംഘനടന നാട്യത്തിലൂടെ സമൂഹത്തിനൊന്നടങ്കം ലഭിക്കുന്ന വിശ്രാന്തിയാണ് നാട്യലക്ഷ്യം. ഒരു തരം തെറാപ്പിയാണത്. കളിയും മന്ത്രവും ഒത്തുചേരുന്ന മായികമായൊരാനന്ദ (Bliss) ക്കൂട്ടമായി ആദിമനടനം ചലനാത്മകമാകും. കൂട്ടായ്മയില്‍ നിലീനമായ ബാലമനസുകളെ തോറ്റിയുണര്‍ത്തും. മിത്തും അതീത അത്ഭുതകഥകളും പകര്‍ത്താടുന്ന ഈ മുഹൂര്‍ത്തം പ്രേക്ഷകനെന്ന സ്ഥാവരാശയനെ നിഷേധിക്കുന്നു. മനോവ്യാപാരത്തില്‍ നാട്യസംവേദനം നടക്കുമെന്നു ഗണിക്കുന്ന നാട്യകല്‍പനകളെ പരിത്യജിക്കുന്നു. ശരീരപെരുമാറ്റം നാട്യത്തിന്റെ കേന്ദ്രമായി മാറുന്നു. നടന്റെയും പ്രേക്ഷകന്റെയും ശരീരമനസുകള്‍ ഏകകാലം വ്യാപരിക്കുന്ന-സമ്പൂര്‍ണമായി പങ്കെടുക്കുന്ന-ഒന്നായി നടനപരത (Performitivity) നിലകൊള്ളുന്നു. ഈ നടനശരീരത്തെ, അവതാരകന്റെയും പ്രേക്ഷകന്റെയും വീെടുക്കുവാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ തനത്-കളരി കാലഘട്ടത്തില്‍ നടന്നത്. നടന്റെ ശരീരഭാഷക്ക് ഇക്കാലത്ത് പ്രാമാണ്യമേറിയത് ഇതിനാലാണ്.
ശൈലീകരണത്തിലൂടെയും വൈവിധ്യമാര്‍ന്ന രംഗോപാധീകളിലൂടെയുമാണ് ഫോക്‌നാടകവേദി വിനിമയം നടത്തുക. അലംകൃത ചമയങ്ങളും മുഖാവരണവും മെയ്യെഴുത്തും കളമെഴുത്തുമെല്ലാം ഇത് സാധ്യമാക്കുന്നു. ആട്ടം, പാട്ട്, കൊട്ട് എന്നിവയ്ക്കും ഇതേ ധര്‍മ്മമു്. 'തൗര്യത്രിക'മില്ലാതെ നാടോടി രംഗകലകള്‍ ഇല്ലെന്നുതന്നെ പറയാം.
കേരളത്തിലെ നാടോടി നാടകങ്ങളുടെ ജീവാംശം ഈ തൗര്യത്രികമാണ്. വിപുലീകരിച്ച് ആംഗിക/ ആഹാര്യ/ അഭിനയങ്ങളും സവിശേഷ സ്വരിക്കലുകളും ഇതിന്റെ അനുബന്ധങ്ങളായി ചമയുന്നു. തിരശ്ചീനവും ലംബമാനമായതുമായ ആട്ടത്തിന്റെയും തുള്ളലിന്റെതുമായ - നൃത്യത്തിന്റെ വൈവിധ്യരൂപങ്ങളുടെ വിപുലശേഖരം നമുക്കു്. തെയ്യത്തിലും ചവിട്ടു നാടകത്തിലും അറബന മുട്ടിലും ഇത് കാണാം. വാദ്യപ്രയോഗങ്ങളുടെയും ഗാനശേഖരത്തിന്റെയും കഥ പറയാനുമില്ല. വിപുലീകരിച്ചതോ വക്രീകരിച്ചതോ ആയ കഥാപാത്രങ്ങള്‍ അരങ്ങിലെത്തി `കളി'യിലൂടെ കാര്യം നിര്‍വഹിച്ചിരുന്ന നമ്മുടെ നടന പാരമ്പര്യം ഒരിക്കലും റിയലിസമെന്ന ആഖ്യാനസമ്പ്രദായത്തെ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പത്തൊമ്പതാം നൂറ്റാാേടുകൂടി ഇവിടെ പ്രതിഷ്ഠാപിതമായ മലയാള നാടകവേദി റിയലിസത്തെ മുഖമുദ്രയാക്കി വികസിക്കാനാഞ്ഞതാണ് നമ്മുടെ രംഗമണ്ഡപ ചരിത്രം. അതില്‍ നിന്നും വിട്ടുമാറി, ജൈവപൊരുത്തമുള്ള മലയാള നാടകവേദി ഉയിരെടുക്കണമെന്നായിരുന്നു കളരിക്കാരുടെ ആഗ്രഹം.
ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍ എന്നിവരുടെ നാടകങ്ങള്‍ ഈ ലക്ഷ്യത്തിന് സംഭാഷണത്തേക്കാള്‍ ക്രിയാപ്രയോഗ (Play activity)) ഊന്നല്‍ നല്‍കുന്നതില്‍ ഏറെ മുന്നേറി. തനത് നാടകങ്ങള്‍ സവിശേഷമായൊരു ആഖ്യാന സമ്പ്രദായമാക്കി മാറ്റിയതും സ്ഥാപിച്ചെടുത്തതും കാവാലം നാരായണപ്പണിക്കരാണ്. അസീസ്, നരേന്ദ്രപ്രസാദ്, കെ.ജെ. ബേബി, പി.എം. രാജ്, ശ്രീ. ജനാര്‍ദ്ദനന്‍, കെ.എസ്. ശ്രീനാഥ് തുടങ്ങി ഒട്ടേറെ നാടകകാരന്മാര്‍ ഈ വഴിക്ക് അന്വേഷണം തുടരുന്നു. എങ്കിലും ഫോക്‌ലോറിന്റെ ശക്തി സൗകുമാര്യങ്ങള്‍ കാലോചിതമായി അരങ്ങിലെത്തിക്കുവാനും പുതിയൊരു കേരളീയ സ്വത്വത്തിന്റെ സംവേദനക്ഷമത രൂപീകരിച്ചെടുക്കുവാനും ഇനിയും നമുക്ക് കഴിഞ്ഞിട്ടുാേ, എന്നത് സന്ദേഹാര്‍ഹമാണ്.


റഫറന്‍സ് :

Folklore & Folklife - Richard M Dorson.

മലയാള നാടക സാഹിത്യ ചരിത്രം - ജി. ശങ്കരപ്പിള്ള.
നാടകക്കളരി - സി.എന്‍. ശ്രീകണ്ഠന്‍നായര്‍.

No comments:

Post a Comment

[b]