Sunday, October 17, 2010

സഞ്ചാരിയുടെ വീട് - ഐ. ഷണ്‍മുഖദാസ്‌

റായ് സിനിമ മൊത്തത്തിലെടുക്കുകയാണെങ്കില്‍ വീടും പുറംലോകവും തമ്മിലുള്ള ഒരു ദ്വന്ദ്വം പ്രധാനമാണെന്നു കാണാം. പുറംലോകം തന്നെ രുരീതിയില്‍ റായ്‌സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. പ്രകൃതിയും സമൂഹവും കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും തന്റെ സിനിമകളിലൂടെ സൂക്ഷ്മമായ നിരീക്ഷണവും അപഗ്രഥനവും നടത്തിയിട്ടുള്ള റായ്, പ്രകൃതിക്കും സാമൂഹ്യബന്ധങ്ങള്‍ക്കും നേരെ തന്റെ ഒരു അകക്കണ്ണ് എപ്പോഴും തുറന്നുവച്ചിരുന്നു.
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കും ലോകത്തിന്റെ അവസാനിക്കാത്ത പ്രശ്‌നങ്ങള്‍ക്കും ഉത്തരങ്ങള്‍ നല്‍കുന്നതിലല്ല റായ് ഊന്നല്‍ നല്‍കിയിരുന്നത്. എങ്കിലും, ഈ വഴിക്കുള്ള റായ്‌സിനിമയിലെ ചില സൂചനകള്‍ ശ്രദ്ധേയമാണ്. പ്രകൃതിയിലും പ്രകൃതിസഹജമായ രീതികളിലും റായ് വലിയ വിശ്വാസം അര്‍പ്പിച്ചു കാണുന്നു. കാഞ്ചന്‍ജംഗയിലെ കഥാപാത്രങ്ങള്‍ - ചിത്രത്തിലുടനീളം എന്നുതന്നെ പറയാം - പ്രകൃതിയുടെ താഴ്‌വരയിലാണ്. കുടുംബബന്ധങ്ങളിലെ അപസ്വരങ്ങളും ഉച്ചനീചത്വങ്ങളും ഈ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ അപഗ്രഥിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഒരു പ്രതീക്ഷയായിത്തീരുന്നത് പ്രകൃതിയുടെ ഈ അഭയത്തിലാണ്. അകത്തളത്തില്‍ നിന്നു സ്വതന്ത്രമായി വെളിയിലെ തുറസായ പുറംലോകത്തിലേക്ക്, പ്രകൃതിയുടെ സ്വച്ഛതയിലേക്ക്, കാഞ്ചന്‍ജംഗയിലെ കഥാപാത്രങ്ങള്‍ നടത്തുന്ന പദയാത്ര താല്‍ക്കാലികമായെങ്കിലും അവര്‍ക്കൊരു സാന്ത്വനമാകുന്നു. പ്രകൃതിയുടെ അന്തരീക്ഷത്തില്‍ ഒരു മരച്ചുവട്ടിലിരുന്ന് ഏകാകിയായി പാടുന്ന ചിത്രത്തിലെ അമ്മ, ഈ സാന്ത്വനമറിയുന്നു്. ചാരുലതയിലെ ചാരുവിന്റെ കവിതയെഴുതുവാനുള്ള വാസന ഉദ്ദീപ്തമാകുന്നത് വീടിനു പുറത്തെ പ്രശസ്തമായ ഊഞ്ഞാല്‍രംഗത്തിലാണ്. ആദ്യത്തെ ഊഞ്ഞാല്‍ രംഗത്തിലാണ് സ്വന്തം ഗ്രാമത്തെക്കുറിച്ചും ബാല്യകാലാനുഭവങ്ങളെക്കുറിച്ചും എഴുതാന്‍
അമല്‍ ചാരുവിനോട് പറയുന്നത്. പിന്നീട് 'എന്റെ ഗ്രാമം' എന്ന കവിത അവരെഴുതുന്നതും വീടിനു പുറത്തെ തോട്ടത്തില്‍ ഊഞ്ഞാലില്‍ വന്നിരുന്നാണ്. ഭൂപതിയും ചാരുവും കടപ്പുറത്ത് വന്നിരിക്കുന്ന രംഗത്തിലാണ് ഭൂപതിയുടെ പത്രത്തില്‍ ബംഗാളിയിലുള്ള സാഹിത്യവിഭാഗം താന്‍ കൈകാര്യം ചെയ്യാമെന്ന് ചാരു നിര്‍ദേശിക്കുന്നത്. ചാരുവിനെ മനസിലാക്കാന്‍ ഭൂപതി കൂടുതല്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതും ഈ രംഗത്തിലാണ്. ആരണ്യര്‍ ദിന്‍ രാത്രി മിക്കവാറും വനത്തില്‍ വച്ചുനടക്കുന്നു. ശാഖ പര്‍ ശാഖയില്‍ മരിക്കാന്‍ കിടക്കുന്ന അച്ഛന് തെല്ല് ആശ്വാസം ലഭിക്കുമ്പോള്‍ വീട്ടില്‍ എത്തിച്ചേര്‍ന്ന മക്കളെല്ലാവരും വനത്തിലേക്ക് ഉല്ലാസയാത്ര പോകുന്നു. എല്ലാവര്‍ക്കും ഹൃദയം തുറന്നു സംസാരിക്കാനും പരസ്പരമറിയാനും പ്രകൃതിയിലെ ഈ രംഗമാണ് സഹായകമാകുന്നത്. കാഞ്ചന്‍ജംഗയിലെ അകന്നുകൊിരിക്കുന്ന ഭാര്യയും ഭര്‍ത്താവും തങ്ങളുടെ ദാമ്പത്യജീവിതം അപഗ്രഥിക്കുന്നത് ഒരു തോട്ടത്തില്‍വെച്ചാണ്. മനസ്സിനെ സ്വച്ഛവും സ്വതന്ത്രവും ദീപ്തവും ആക്കുന്നതില്‍ പ്രകൃതിരംഗങ്ങള്‍ക്ക് പ്രധാന ഊന്നല്‍ നല്‍കിയിരുന്നു എന്നതിന് അവസാന ചിത്രമായ ആഗന്തുക്കും ഉദാഹരണമാണ്. ജന്മനാട്ടിലേക്കും കുടുംബ ബന്ധത്തിലേക്കും മടങ്ങിയെത്തിയ മനോമോഹന്‍മിത്ര ഒടുവില്‍ മരുമകളുടെ വീട്ടില്‍നിന്ന് പെട്ടെന്നൊരുനാള്‍ ശാന്തിനികേതനിലെ ഗ്രാമീണസ്വച്ഛതയിലേക്കും സന്താള്‍വംശജരായ ഗ്രാമീണരുടെ സൗഹൃദത്തിലേക്കും ചെല്ലുകയാണ്. ആകാശത്തിനു കീഴില്‍, മരങ്ങള്‍ക്കു തണലില്‍, മനോമോഹന്‍മിത്രയും മരുമകളും ഗ്രാമീണരും ചേര്‍ന്ന് പ്രകൃതിയുടെയും പ്രാക്തനയുടെയും സംഗീതവും ചുവടുകളും അറിയുന്നു. പ്രകൃതിയും പ്രകൃതിയോടു ചേര്‍ന്നു പോകുന്ന ജീവിതരീതികളും ആയിരിക്കും ആധുനിക നാഗരികതയുടെ കെടുതികളില്‍നിന്ന് മനുഷ്യന് മോചനവും ശാന്തിയും നല്‍കുക എന്ന് റായ് സൂചിപ്പിക്കുന്നു (മറ്റൊരു രംഗത്തില്‍ വെളിമ്പറമ്പിലൊരിടത്ത് ആകാശത്തിനു കീഴിലിരുന്ന് മിത്ര കുട്ടികളോട് സംസാരിക്കുന്നിടത്തും ഇത്തരമൊരു സൂചനയാണ് റായ് നല്‍കുന്നത്. പ്രപഞ്ചത്തിലും പ്രകൃതിയിലും നിലനില്‍ക്കുന്ന അത്ഭുതകരമായ സ്വരലയത്തെക്കുറിച്ചും നിഗൂഢതകളെക്കുറിച്ചും മിത്ര കുട്ടികളോട് പറയുന്നു). ശാന്തിനികേതനില്‍ ചെലവഴിച്ച രരവര്‍ഷത്തെ അനുഭവങ്ങള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ചറിയാന്‍ റായിയെ അഗാധമായി സഹായിച്ചതിന്റെ സ്വാധീനം എത്ര പ്രബലമാണെന്നതിന്റെ സൂചനയാണ് ആഗന്തുക്കിലെ സന്താള്‍നൃത്തവും പ്രകൃതിയും അവതരിപ്പിക്കുന്നത്.
വീട് റായ് സിനിമയിലെ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു ഭൗതിക യാഥാര്‍ഥ്യമാണ്. പഥേര്‍പാഞ്ചാലിയില്‍ കാണുന്നത്, തകര്‍ന്നുവീഴുന്നതും ഉപേക്ഷിക്കപ്പെടുന്നതുമായ വീടാണ്. ചിത്രത്തിന്റെ അവസാനഭാഗത്ത് തകര്‍ന്ന വീടിന്റെ പരിസരത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞുപോകുന്നു. മകളൊഴിഞ്ഞുപോയ വീടുപേക്ഷിച്ച് ഹരിഹര്‍കുടുംബം കാശിയിലേക്ക് പോകുന്നു. അപരാജിതയില്‍ അപു അമ്മയുടെ മരണശേഷം ഗ്രാമത്തിലെ വീടുപേക്ഷിച്ച് കല്‍ക്കത്തയിലേക്ക് പോകുന്നു. അപുര്‍സന്‍സാറിലെ വീട് ഒരു വലിയ വീടാണ്. മരിച്ചുപോയ ഭാര്യയുടെ ഈ വീട്ടില്‍ നിന്നാണ് അപു അവസാനം മകനുമൊത്ത് തിരിച്ചുപോകുന്നത്. ജല്‍സാഘറില്‍ വൃദ്ധിക്ഷയം സംഭവിച്ച വലിയ ഒരു മാളികവീട്. വലിയ തൂണുകളും ഇടനാഴികളും സംഗീതശാലയും ഉള്ള ഈ വലിയ വീടിനകത്ത് ഏകാകിയായിരുന്നു കാലം കഴിക്കുന്ന വിശ്വംബര്‍റായ്. അന്ത്യരംഗത്തില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക്, പ്രകൃതിയുടെ തുറസിലേക്ക്, പുഴയോരത്തേക്ക്, കുതിരയോടിച്ചു കുതിച്ചുപോകുന്നു അയാള്‍. മോനിഹാരയിലെ മാളികവീട് ഒരു പ്രേതഭവനമാണ്. ഒളിച്ചുപോയ മോനിഹാര ഈ വീട്ടിലേക്ക് തിരിച്ചെത്തുന്നത് പ്രേതമായിട്ടാണ്. ചാരുലതയില്‍ ഒരു വീടും അതിന്റെ അകത്തളങ്ങളും ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്തു്. മൊാഷിന്റെ റായ്പതിപ്പില്‍ റായ്‌സിനിമയിലെ അസാധാരണമായ പല വീടുകളെയും കുറിച്ചുള്ള ചോദ്യത്തിന് കലാസംവിധായകനായ ബന്‍സി ചന്ദ്രഗുപ്ത വിശദമായി മറുപടി പറയുന്നു. ജാല്‍സാഘറിലും സമാപ്തിയിലും ദേവിയിലും അപുര്‍സന്‍സാറിലും ചാരുലതയിലും ചിത്രങ്ങള്‍ക്കു പറ്റിയ വീടുകള്‍ തയ്യാറാക്കിയതിനെക്കുറിച്ചും അകത്തളങ്ങളും മറ്റും ഒരുക്കിയെടുത്തതിനെക്കുറിച്ചും ചന്ദ്രഗുപ്ത സംസാരിക്കുന്നു. ചാരുലതയില്‍ ബംഗാളിശൈലിയിലേക്ക് രൂപാന്തരപ്പെടുത്തിയ വിക്‌ടോറിയന്‍ മട്ടിലുള്ള ഒരു വീടായിരുന്നു റായ് തിരഞ്ഞെടുത്തത്. ഈ വീടിന്റെ അകത്തളം ഒരു ചരിത്രകാലഘട്ടത്തിന്റെ അകത്തളം തന്നെയായി റായ് അവതരിപ്പിക്കുന്നു. ചാരുലതയുടെ ജീവിതത്തിന്റെ അകത്തളവുമായി മാറുന്നു ഈ വീട്. ചിത്രം അവസാനിക്കുമ്പോള്‍ അപ്രിയസത്യം തിരിച്ചറിഞ്ഞ് വീട്ടില്‍ നിന്നിറങ്ങിപ്പോയ ഭൂപതി പൂര്‍ണമായ രീതിയിലല്ലെങ്കിലും തിരിച്ചെത്തുന്നത് ഈ അകത്തളത്തിലേക്കാണ്.
``എല്ലാം വീട്ടിലേക്ക് തിരിച്ചുവരുന്നു; മനുഷ്യനും. എവിടെയാണ് അവന്റെ വീട്? അവനെ നിര്‍ത്താതെ വിളിച്ചുകൊിരിക്കുന്നത് എവിടമോ, അവിടമാണ് അവന്റെ വീട്. തീര്‍ച്ചയായും അവന്‍ വീട്ടിലേക്ക് തിരിച്ചുവരും. വല്ലാതെ വൈകിയാണ് അവന്‍ തിരിച്ചെത്തുന്നത് എങ്കില്‍ ആ തിരിച്ചുവരവ് അത്രമേല്‍ ശക്തമായിരിക്കും'' (എമേഴ്‌സന്‍). റായ് സിനിമയില്‍ ഈ വീട് ഒരേസമയം പ്രകൃതിയും കുടുംബവുമാണ് എന്നു കാണുന്നു.
വീടും ലോകവും എന്ന രീതിയില്‍ റായ്‌സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പുറംലോകത്തു നിന്ന് വീട്ടിലേക്കു കടന്നുവരുന്ന അതിഥിയുടെ കഥാപാത്രം ഓര്‍മ്മയിലെത്തുന്നു. ഈ അതിഥി അപരിചിതനായ അതിഥി (ആഗന്തുക്ക്)യാകാം, അടുത്ത ബന്ധുവാകാം (ചാരുലത, മോനിഹാര, സീമാബദ്ധ), സുഹൃത്താകാം (ഘരെ ബയ്‌രെ), സ്വകാര്യതയിലും സ്വസ്ഥതയിലും അതിക്രമിച്ചു വലിഞ്ഞുകയറി വരുന്നവനാകാം, (ജത്സാഘര്‍), ചിലപ്പോള്‍ രഹസ്യകാമുകനാകാം(ടു). റായ്‌സിനിമയിലെ അനേകം സഞ്ചാരികളുടെ ഓര്‍മ്മയും ഈ സന്ദര്‍ഭത്തില്‍ വീും തെളിഞ്ഞുവരുന്നു. പഥേര്‍പാഞ്ചാലിയിലെ ഹരിഹറും അപുത്രയത്തിലെ അപുവും ഗൂപിഗായ്‌നെയിലെ ഗൂപിബാഗമാരും ആഗന്തുക്കിലെ മനോമോഹന്‍ മിത്രയും ഈ സഞ്ചാരികളുടെ ലോകത്തില്‍ പെടുന്നു. ഈ സഞ്ചാരികളില്‍ ചിലര്‍ വീട്ടിലെത്തുന്നത് ചിലപ്പോള്‍ അതിഥികളെപ്പോലെ താല്‍ക്കാലികമായി കുറച്ചുനാള്‍ താമസിച്ചു തിരിച്ചുപോകുന്നതിനാണ്; മനോമോഹന്‍ മിത്രയെയും ഹരിഹറിനെയും പോലെ. ഈ അതിഥികളും സഞ്ചാരികളും വീടിന്റെ അടഞ്ഞ ലോകത്തിലേക്ക്, വീടിന്റെ സ്വസ്ഥലോകത്തിലേക്ക്, കൂടുതല്‍ കാറ്റും വെളിച്ചവും, ചിലപ്പോള്‍ കൂടെ അസ്വസ്ഥതയും കൊുവരുന്നു. വീടിനെ പുറംലോകത്തിന്റെ സ്വാതന്ത്ര്യത്തോടും അസ്വസ്ഥതയോടും ഇവര്‍ കണ്ണിചേര്‍ക്കുന്നു. ചാരുലതയിലെ ചാരുവും ഖരെബെയ്‌രെയിലെ ബിമലും, അമല്‍, സന്ദീപ് എന്നിവരിലൂടെ പുതിയ ലോകങ്ങളുമായി ബന്ധപ്പെടുന്നു. അവരുടെ ജീവിതത്തില്‍ മാറ്റത്തിന്റെ കാര്യമായാണ് അവരെത്തുന്നത്. ആഗന്തുക്കിലെ ഭദ്രലോകത്തിന്റെ സ്വസ്ഥത, ആധുനിക നാഗരികതയെക്കുറിച്ചുള്ള ആത്മവിശ്വാസം, മനോമോഹന്‍മിത്ര വരുന്നതോടെ ചോദ്യം ചെയ്യപ്പെടുന്നു. വീടും ലോകവും തമ്മിലുള്ള ഇത്തരമൊരു ബന്ധം റായ്‌സിനിമയില്‍ അടിസ്ഥാനമാണ്. വീട്ടിലേക്കു തിരിച്ചുവരാതെ വയ്യ എന്ന അവസ്ഥയാണ് ഒരു റായ് നായകനുള്ളത്. അതേസമയം വീട്ടില്‍ നിന്നു പുറത്തേക്കു പോകാനുള്ള മാനസികാവസ്ഥയും നിലനില്‍ക്കുന്നു. കുടുംബവും കുടുംബബന്ധങ്ങളും വിലപ്പെട്ടതാണ് റായ്‌സിനിമിയില്‍. ആ അര്‍ഥത്തില്‍ റായ് ഒരു പാരമ്പര്യവാദിയാണ്. എന്നാല്‍ കുടുംബബന്ധങ്ങള്‍ അനിവാര്യമായ രീതിയില്‍ മുറിഞ്ഞുപോകുന്നത് അപരാജിതയിലൂടെയും മറ്റും റായ് മനസിലാക്കുന്നു്. കുടുംബത്തിന് പുറത്തൊരു ലോകമുന്നെ വസ്തുത റായ് സിനിമയില്‍ വലിയ ഊന്നലോടെ അവതരിപ്പിക്കപ്പെടുന്നു. കിണറ്റിലെ തവള ലോകം കാണാന്‍ മിനക്കെടുന്നു് റായ് സിനിമയില്‍. വീടാണ് റായ് സിനിമയില്‍ അഭയം. എന്നാല്‍ ആ വീട് എപ്പോഴും അകത്ത് ചടഞ്ഞുകൂടിയിരിക്കുന്ന തവളയുടെ കിണറല്ല. ഒരു സഞ്ചാരിയുടെ വീടാണത്. ഒരു ലോകസഞ്ചാരിയുടെ വീട്. ചിദാനന്ദദാസ് ഗുപ്ത സൂചിപ്പിച്ചതുപോലെ റായിയുടെ അടിത്തറ ഭാരതത്തില്‍ തന്നെ. ലോകം കു തിരിച്ചുവരുന്ന ഒരു ഭാരതീയന്റെ സിനിമയാണ് റായ് സിനിമ.
സഞ്ചാരിയുടെ വീട് അകത്തളത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. അവിടെ പ്രകൃതിയും പുറംലോകവും വീടിന്റെ അകത്തളത്തെ വിശാലമാക്കുന്നു. ലോകം വിളിക്കുമ്പോള്‍ വീട്ടിലിരിക്കുന്ന സഞ്ചാരിക്ക് പുറത്തിറങ്ങാതെ വയ്യ. എന്നാല്‍ പിന്‍വിളി കേള്‍ക്കുമ്പോള്‍ വീട്ടിലേക്കു തിരിച്ചുപോകാതിരിക്കാനും വയ്യ. വീടും ലോകവും തമ്മിലുള്ള ഈ ബന്ധത്തിലൂടെയാണ് റായ്‌സിനിമ മനുഷ്യന്റെ അകംവാഴ്‌വും പുറംവാഴ്‌വും അവതരിപ്പിക്കുന്നത്.No comments:

Post a Comment

[b]