Sunday, October 17, 2010

ജന്മദിനം - വൈക്കം മുഹമ്മദ് ബഷീര്‍

മകരം 8-ാം തീയതി: ഇന്ന്‌ എന്റെ ജന്മദിനമാണ്‌. പതിവിനു വിപരീതമായി വെളുപ്പിനേ ഞാന്‍ എണീറ്റു കുളി മുതലായവയൊക്കെ കഴിച്ചു; ഇന്നേക്കു കരുതിവെച്ചിരുന്ന വെള്ള ഖദര്‍ഷര്‍ട്ടും വെള്ളഖദര്‍ മുണ്ടും വെള്ള ക്യാന്‍വാസ്‌ ഷൂസും ധരിച്ച്‌ മുറിയില്‍, എന്റെ ചാരുകസേരയില്‍ വേവുന്ന ഹൃദയത്തോടെ ഞാന്‍ മലര്‍ന്നു കിടക്കുകയായിരുന്നു. എന്നെ വെളുപ്പിനേ കണ്ടതിനാല്‍ എന്റെ മുറിയുടെ അടുത്ത്‌ വലിയ നിലയില്‍ കഴിഞ്ഞുകൂടുന്ന ബി.എ. വിദ്യാര്‍ത്ഥി മാത്യുവിനു വലിയ അത്ഭുതം തോന്നി. അദ്ദേഹം മന്ദഹാസത്തോടെ എനിക്കു പ്രഭാതവന്ദനം നല്‍കി:
`ഹലോ ഗുഡ്‌മോണിങ്‌!'
ഞാന്‍ പറഞ്ഞു
`യസ്‌ ഗുഡ്‌മോണിങ്‌.'
അദ്ദേഹം ചോദിച്ചു:
`എന്താ ഇന്നു പതിവില്ലാത്തതുപോലെ വെളുപ്പിനേ?... വല്ലടത്തും പോകുന്നുണ്ടോ?'
`ഒ ഒന്നുമില്ല.' ഞാന്‍ പറഞ്ഞു: `ഇന്ന്‌ എന്റെ ജന്മദിനമാണ്‌.'
`യുവര്‍ ബര്‍ത്ത്‌ഡേ?'
`യസ്‌.'
`ഓ.... ഐ വിഷ്‌ യു മെനി ഹാപ്പി റിട്ടേണ്‍സ്‌ ഒഫ്‌ ദ ഡേ!'
`താംഖ്‌യൂ.'
മാത്യു കൈയിലിരുന്ന ബ്രഷ്‌ കടിച്ചുപിടിച്ചുകൊണ്ട്‌ കുളിമുറിയിലേക്കു പോയി. അങ്ങുമിങ്ങുമായി കൂക്കിവിളി, ബഹളം; ഇടയ്‌ക്ക്‌ ശൃംഗാരഗാനങ്ങള്‍. വിദ്യാര്‍ത്ഥികളും ക്ലാര്‍ക്കന്‍മാരുമാണ്‌. വല്ലവര്‍ക്കും വല്ല അല്ലലുമുണ്ടോ? ജീവിതം ഉല്ലാസകരം. ഞാന്‍ ഒരു ചെറിയ ചായയ്‌ക്ക്‌ എന്തുവഴി എന്ന്‌ ആലോചിക്കുകയായിരുന്നു. ഉച്ചയ്‌ക്കുള്ള ഊണിന്റെ കാര്യം ഉറച്ചിട്ടുണ്ടായിരുന്നു. അകാരണമായി ഹമീദ്‌ എന്നെ ഉണ്ണാന്‍ ക്ഷണിച്ചു, ഇന്നലെ ഞാന്‍ ബസാറിലൂടെ പോകുമ്പോള്‍. അദ്ദേഹം ചെറിയൊരു കവിയും വലിയൊരു ധനികനുമാണ്‌. ഏതായാലും ഉച്ചവരെ ചായ കുടിക്കാതിരിക്കാന്‍ വിഷമം. ഒരു ചൂടു ചായ്‌ക്ക്‌ എന്തു വഴി? മാത്യുവിന്റെ വേലക്കാരന്‍ വൃദ്ധന്‍ മാത്യുവിനു ചായയുണ്ടാക്കുന്ന ജോലിയില്‍ വ്യാപൃതനായിരിക്കയാണെന്ന സംഗതി എന്റെ മുറിയില്‍ ഇരുന്നു ഞാന്‍ ഗ്രഹിച്ചു. അതിനു കാരണം, എന്റെ മുറി മാത്യുവിന്റെ അടുക്കളയുടെ സ്റ്റോര്‍മുറിയാണ്‌. മാസത്തില്‍ എട്ടണ*യ്‌ക്ക്‌ വീട്ടുടമസ്ഥനാണ്‌ അതെനിക്ക്‌ വാടകയ്‌ക്കു തന്നത്‌. കെട്ടിടത്തിലെ മോശപ്പെട്ട ഏറ്റവും ചെറിയ മുറി. അതില്‍ എന്റെ ചാരുകസേര, മേശ, ഷെല്‍ഫ്‌, കിടക്ക- ഇത്രയും കഴിച്ചാല്‍ പിന്നെ ശ്വാസം കഴിക്കാന്‍ ഇടമില്ല. വലിയ മതില്‍ക്കെട്ടിനകത്തുള്ള മൂന്നു കെട്ടിടങ്ങളില്‍ മുകളിലും താഴെയുമുള്ള മുറികളിലെല്ലാം വിദ്യാര്‍ത്ഥികളും ക്ലാര്‍ക്കന്മാരുമാണ്‌. വീട്ടുടമസ്ഥനു വേണ്ടാതായ ഒരൊറ്റ ആള്‍ ഞാന്‍ മാത്രം. എന്നോടുള്ള ഇഷ്‌ടക്കുറവിനു കാരണം ശരിക്കു വാടക കൊടുക്കാത്തതു തന്നെ. എന്നോടു ഇഷ്‌ടമില്ലാത്തതായി വേറെ രണ്ടു കൂട്ടരുണ്ട്‌- ഹോട്ടല്‍ക്കാരനും ഗവണ്‍മെന്റും. ഹോട്ടല്‍ക്കാരനാണെങ്കില്‍ ഞാന്‍ കുറച്ചു പണം കൊടുക്കാനുണ്ട്‌. സര്‍ക്കാരിന്‌ ഒന്നുമില്ല. എങ്കിലും എന്നെ കണ്ടുകൂടാ. അങ്ങനെ താമസം, ആഹാരം, നാട്‌ മൂന്നുമായി. ഇനി എന്റെ വസ്‌ത്രങ്ങളുടെയും ഷൂസിന്റെയും വിളക്കിന്റെയും കാര്യമുണ്ട്‌. (സംഗതികള്‍ എല്ലാം എഴുതുന്നതിനു മുമ്പ്‌ ഒന്നു വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ പാതിരാത്രി കഴിഞ്ഞിട്ടുണ്ട്‌. കടലാസും പേനയുമായി എന്റെ മുറിയില്‍ നിന്നിറങ്ങി വളരെ സമയമായി ഈ പട്ടണത്തില്‍ ചുറ്റി നടക്കുകായിരുന്നു. വേറെ വിശേഷത്തിനൊന്നുമല്ല. ഈയൊരു ദിവസത്തെ ഡയറി ആദ്യംമുതല്‍ അവസാനംവരെ എഴുതണം. സാമാന്യം ഭേദപ്പെട്ട ചെറുകഥയ്‌ക്കുള്ള സാദ്ധ്യതകള്‍ ഇതിലുണ്ട്‌. പക്ഷേ, എന്റെ മുറിയിലെ വിളക്കില്‍ എണ്ണയില്ല. എഴുതുവാന്‍ വളരെയുണ്ടുതാനും. അതുകൊണ്ടാണ്‌ കിടക്കപ്പായില്‍ നിന്നു എണീറ്റുവന്ന്‌ ഈ കായലോരത്തെ ഏകാന്തമായ വിളക്കുകാലില്‍ ചാരിയിരുന്നു സംഗതികളുടെ ചൂടാറും മുമ്പു എഴുതുവാന്‍ തുടങ്ങുന്നത്‌). പെയ്യുവാന്‍ പോകുന്ന കാര്‍മേഘങ്ങള്‍പോലെ ഈ ദിവസത്തെ സംഭവങ്ങളെല്ലാം എന്റെ അന്തരംഗം പൊട്ടുമാറു തിങ്ങിവിങ്ങി നില്‍ക്കുന്നു. അസാധാരണമായി ഒന്നുമില്ല. പക്ഷേ, എന്റെ ജന്മദിനം. ഞാന്‍ സ്വദേശത്തില്‍ നിന്നെല്ലാം വളരെ ദൂരെ അന്യനാട്ടില്‍. കൈയില്‍ കാശില്ല; കടം കിട്ടാന്‍ വഴിയില്ല. ഉടുത്തിരിക്കുന്നതും മറ്റും പല സുഹൃത്തുക്കളുടേത്‌. ഒന്നും എന്റേത്‌ എന്നു പറയാനില്ല. ഈ നിലയിലുള്ള ജന്മദിനത്തിന്റെ അനേകം പുനരാവര്‍ത്തനങ്ങള്‍ ഉണ്ടാവട്ടെ എന്ന്‌ മാത്യു ആശംസിച്ചപ്പോള്‍ എന്റെ ഹൃദയത്തിന്റെ അകക്കാമ്പു ലേശം വേദനിച്ചു.
ഞാന്‍ ഓര്‍ക്കുകയാണ്‌:
മണി ഏഴ്‌: ഞാന്‍ ചാരു കസേരയില്‍ കിടന്നുകൊണ്ട്‌ ഓര്‍ത്തു: ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം. ആരോടും ഇന്ന്‌ കടം വാങ്ങാന്‍ പാടില്ല. ഒരു കുഴപ്പവും ഇന്നുണ്ടാകരുത്‌. ഈ ദിവസം മംഗളകരമായിത്തന്നെ പര്യാവസാനിക്കണം. കഴിഞ്ഞുപോയ ദിനരാത്രങ്ങളുടെ വെള്ളയും കറുപ്പുമായ ചങ്ങല വളയങ്ങളില്‍ ഞാന്‍ കാണുന്ന ആ നൂറുനൂറ്‌ ഞാന്‍ ആയിരിക്കരുത്‌ ഇന്നത്തെ ഞാന്‍. ഇന്നെനിക്ക്‌ എത്ര വയസ്സു കാണും? കഴിഞ്ഞ കൊല്ലത്തേക്കാള്‍ ഒന്നു കൂടിയിട്ടുണ്ട്‌. കഴിഞ്ഞകൊല്ലത്തില്‍?... ഇരുപത്തിയാറ്‌. അല്ല. മുപ്പത്തിരണ്ട്‌; അതോ നാല്‍പ്പത്തി ഏഴോ?
എന്റെ മനസ്സിനു വല്ലാത്ത വിഷമം. ഞാന്‍ എണീറ്റുചെന്നു കണ്ണാടി എടുത്തു നോക്കി. തരക്കേടില്ല സാമാന്യം ഭേദപ്പെട്ട മുഖം. നല്ല വീതിയും മുഴുപ്പുമുള്ള നെറ്റി; അനക്കമില്ലാത്ത കണ്ണുകള്‍; വളഞ്ഞ വാള്‍പോലത്തെ നേരിയ മീശ; ആകപ്പാടെ മോശമില്ല- എന്നൊക്കെ വിചാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കാഴ്‌ച കണ്ട്‌ എന്റെ ഹൃദയം കഠിനമായി വേദനിച്ചു. ഒരു നരച്ച മുടി! എന്റെ ചെവിയുടെ മുകള്‍ഭാഗത്തായി കറുത്ത മുടിയുടെ ഇടയ്‌ക്ക്‌ ഒരു വെള്ള രേഖ! അതു ഞാന്‍ വളരെ പണിപ്പെട്ടു പറിച്ചു കളഞ്ഞു. എന്നിട്ടു തല തടവിക്കൊണ്ടിരുന്നു. പിന്‍ഭാഗത്തു നല്ല മിനുസം. കഷണ്ടിയാണ്‌. ഞാനതു തടവിക്കൊണ്ടിരിക്കുമ്പോള്‍ തലവേദനയുടെ നേരിയ ലാഞ്ചന. ചൂടുചായ കുടിക്കാഞ്ഞിട്ടായിരിക്കുമോ?
മണി ഒമ്പത്‌: എന്നെ കണ്ടപ്പോള്‍, ദുര്‍മുഖത്തോടെ ഹോട്ടല്‍ക്കാരന്‍ ഉള്ളിലേക്കു വലിഞ്ഞു. ചായ കൂട്ടുന്ന വൃത്തികെട്ട പയ്യന്‍ കുടിശ്ശിക കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഞാന്‍ പറഞ്ഞു: `ഓ, അതു നാളെ തന്നേക്കാം.'
അവനു വിശ്വാസമായില്ല: `ങ്ങളിന്നലേം പറഞ്ഞത്‌!'
`ഇന്നു കിട്ടുമെന്നല്ലേ വിചാരിച്ചത്‌.'
`പയേ കാസ്‌ തരാണ്ട്‌ ങ്ങക്ക്‌ ചായ തരണ്ടാന്ന്‌ പറഞ്ഞ്‌.'
`ഓ!'
മണി പത്ത്‌: ചുണ്ടുണങ്ങി. വായില്‍ വെള്ളമില്ല. നല്ല ഉച്ചസമയത്തെ ചൂട്‌! ക്ഷീണത്തിന്റെ മഹാഭാരം എന്നില്‍ അമരുകയാണ്‌. അപ്പോള്‍ പുതിയ മെതിയടി വില്‍ക്കാനായി വെളുത്തു മെലിഞ്ഞ്‌, എട്ടും പത്തും വയസ്സായ രണ്ടു ക്രിസ്‌ത്യാനിപ്പയ്യന്‍മാര്‍ എന്റെ മുറിവാതില്‍ക്കല്‍ വന്നു. ഞാന്‍ രണ്ടു മെതിയടി വാങ്ങിക്കണം. ജോഡിക്കു മൂന്നണയേ വിലയുള്ളൂ - മൂന്നണ!*
`വേണ്ട, കുഞ്ഞുങ്ങളേ!'
`എന്നാലും സാറിനെപ്പോലുള്ളോരു വാങ്ങീല്ലെങ്കീ പിന്നാരാ വാങ്ങണേ?'
`കുഞ്ഞുങ്ങളേ, എനിക്കു വേണ്ട.....കാശില്ല!'
`ഓ!'
അവിശ്വാസം സ്‌ഫുരിക്കുന്ന കൊച്ചുമുഖങ്ങള്‍! ഒന്നിന്റെയും ഉള്ളറിയാന്‍ കഴിയാത്ത ശുദ്ധഹൃദയങ്ങള്‍! ഈ വേഷവും ചാരുകസേരയിലെ എന്റെ കിടപ്പും! ഞാന്‍ ഒരു `സാര്‍' ആണത്രേ...! ചാരുകസേരയും ഷര്‍ട്ടും മുണ്ടും ഷൂസും, ഒന്നും എന്റേതല്ല കുഞ്ഞുങ്ങളേ! എനിക്കു യാതൊന്നും ഈ ലോകത്തില്‍ സ്വന്തമായി ഇല്ല. നഗ്നനായ ഞാനും എന്റേതാണോ? ഭാരതത്തിന്റെ ഓരോ പട്ടണങ്ങളിലും എത്രയെത്ര കൊല്ലം അലഞ്ഞു നടന്ന്‌ എത്രയെത്ര ജാതിയായി എവിടെയെല്ലാം ഞാന്‍ താമസിച്ചു! ആരുടെയൊക്ക ആഹാരമാണ്‌. ഞാന്‍! എന്റെ രക്തവും എന്റെ മാംസവും എന്റെ അസ്ഥിയും ഭാരതത്തിന്റേത്‌. കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെയും *കറാച്ചി മുതല്‍ കല്‍ക്കട്ട വരെയും - അങ്ങനെ ഭാരതത്തിന്റെ മിക്ക ഭാഗത്തും എനിക്കു സുഹൃത്തുക്കളുണ്ട്‌. പെണ്ണും ആണുമായ ഓരോ സുഹൃത്തിനെയും ഞാന്‍ ഇന്നു സ്‌മരിക്കുന്നു. സ്‌മരണ! ഓരോരുത്തരെയും തഴുകിക്കൊണ്ട്‌ എന്റെ സ്‌നേഹം അങ്ങനെ പരക്കട്ടെ. ഭാരതം കവിഞ്ഞും... ഭൂഗോളം കവിഞ്ഞും.... സുഗന്ധത്തില്‍ മുഴുകിയ നറും പൂനിലാവുപോലെ. സ്‌നേഹം! എന്നെ അറിഞ്ഞു സ്‌നേഹിക്കുന്നവര്‍ വല്ലവരുമുണ്ടോ? അറിയുക, എനിക്കു തോന്നുന്നു- നിഗൂഢതയുടെ- ആ മറ നീക്കലാണെന്ന്‌. കുറവുകളും ബലഹീനതകളും കഴിച്ചാല്‍ പിന്നെന്താണു ബാക്കി? ആകര്‍ഷകമായി എന്തെങ്കിലും വേണം, സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും. ഹോ, കാലം എത്ര ത്വരിതമായി ഗമിക്കുന്നു! പിതാവിന്റെ ചൂണ്ടുവിരലില്‍ എത്തിപ്പിടിച്ചു കൊഞ്ചിക്കളിച്ചു നടന്ന ഞാന്‍, `ഉമ്മാ വിശക്കുന്നു!' എന്ന്‌ അമ്മയുടെ പുടവത്തുമ്പില്‍ തൂങ്ങിക്കേണ ഞാന്‍, ഇന്ന്‌, ഹോ കാലത്തിന്റെ ഈ ഉഗ്രമായ പരക്കം പാച്ചില്‍! ആദര്‍ശങ്ങളുടെ എത്രയെത്ര ബോംബുകള്‍ എന്റെ അന്തരംഗത്തില്‍ വീണു പൊട്ടിത്തെറിച്ചു! ഭീകരമായ പടക്കളമാണ്‌ എന്റെ ഹൃദയം! ഇന്നു ഞാന്‍ ആരാണ്‌? വിപ്ലവകാരി, രാജ്യദ്രോഹി, ദൈവദ്രോഹി, കമ്മ്യൂണിസ്റ്റ്‌- പിന്നെയും എന്തൊക്കെയോ ആണു ഞാന്‍. വാസ്‌തവത്തില്‍ ഇതു വല്ലതുമാണോ ഞാന്‍? ഹാവൂ! എന്തൊരു വല്ലായ്‌മ! ദൈവമേ തലയ്‌ക്കകത്തിരുന്നു ചുളുചുളാ കുത്തുന്നു. ചായ കുടിക്കാഞ്ഞിട്ടായിരിക്കുമോ? തല നേരെ നില്‍ക്കുന്നില്ല. പോയി ഊണു കഴിക്കുക തന്നെ. തലവേദനയോടുകൂടി ഒരു മൈല്‍ നടക്കണം. എങ്കിലും വയര്‍ നിറയെ ഇന്ന്‌ ഒന്നുണ്ണാമല്ലോ.
മണി പതിനൊന്ന്‌: ഹമീദ്‌ കടയില്‍ ഇല്ല! വീട്ടിലായിരിക്കുമോ? എന്നെയും കൊണ്ടു പോകുകയായിരുന്നു യോഗ്യത. ഒരുപക്ഷേ, അദ്ദേഹം മറന്നു പോയിരിക്കാം. വീട്ടിലേക്കു ചെന്നാലോ? ശരി.
മണി പതിനൊന്നര: ഹമീദിന്റെ മാളികവീട്ടിലേക്കുള്ള തകരവാതില്‍ അടച്ചിരുന്നു. ഞാന്‍ അതില്‍ മുട്ടി:
`ഏയ്‌ മിസ്റ്റര്‍ ഹമീദ്‌.'
ഉത്തരമില്ല.
`ഏയ്‌, മിസ്റ്റര്‍ ഹമീ....ദ്‌!'
കോപിഷ്‌ഠമായ ഒരു സ്‌ത്രീയുടെ ഗര്‍ജനം: `ഇബിടില്ല'.
`എവിടെപ്പോയി?'
നിശബ്‌ദത. പിന്നെയും ഞാന്‍ കതകില്‍ മുട്ടി. മനസ്സു വല്ലാതെ ക്ഷീണിച്ചു. ഞാന്‍ തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു. അപ്പോള്‍ ആരോ അടുത്തു വരുന്ന ഒരു കാലൊച്ച; ഒരു വള കിലുക്കവും. വാതില്‍ അല്‍പ്പം തുറന്നു- ഒരു യുവതി!
ഞാന്‍ ചോദിച്ചു! `ഹമീദ്‌ എവിടെപ്പോയി?'
`അത്യാവശ്യമായി ഒരിടത്തു പോയി.' വളരെ സൗമ്യതയോടെയാണ്‌.
`എപ്പോള്‍ വരും?'
`സന്ധ്യ കഴിഞ്ഞ്‌'.
സന്ധ്യ കഴിഞ്ഞ്‌!
`വരുമ്പോള്‍ ഞാന്‍ വന്നു തിരക്കി എന്നു പറയണം.'
`ആരാണ്‌?'
ഞാന്‍ ആരാണ്‌?
`ഞാന്‍...ഓ...ആരുമല്ല. ഒന്നും പറയണമെന്നില്ല.'
ഞാന്‍ തിരിഞ്ഞു നടന്നു. പൊള്ളുന്ന കുഴഞ്ഞ പഞ്ചസാരമണ്ണ്‌. അതു കഴിഞ്ഞു കണ്ണാടിച്ചില്ലുപോലെ വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്‌. കണ്ണും തലയും ഇരുട്ടിച്ചു പോയി! വല്ലാത്ത വിഷമം. അസ്ഥികള്‍ വേവുന്നു! ദാഹം! വിശപ്പ്‌! ആര്‍ത്തി! ലോകം വിഴുങ്ങുവാന്‍ ആര്‍ത്തി! കിട്ടാന്‍ വഴിയില്ല എന്ന ധാരണയാണ്‌ ഇത്രയും മൂര്‍ച്ച കൂട്ടുന്നത്‌. കിട്ടാന്‍ വഴിയില്ല എന്ന ധാരണയോടെ എണ്ണമില്ലാത്ത രാപ്പകലുകള്‍ എന്റെ മുമ്പില്‍! ഞാന്‍ തളര്‍ന്നു വീണുപോയേക്കുമോ? തളരാന്‍ പാടില്ല. നടക്കുക...നടക്കുക!
മണി പന്ത്രണ്ടര: പരിചയക്കാരെല്ലാം കണ്ടഭാവം നടിക്കാതെ കടന്നുപോകുന്നു. `സഖാക്കളേ, ഇന്നെന്റെ ജന്മദിനമാണ്‌. എനിക്കു മംഗളം ആശംസിച്ചിട്ടു പോകുവിന്‍!' എന്ന്‌ എന്റെ ഹൃദയം മന്ത്രിച്ചു. നിഴല്‍പ്പാടുകള്‍ എന്നെ മറികടന്നു പോയി. സുഹൃത്തുക്കള്‍ എന്താണ്‌ എന്നെ കണ്ടിട്ടു മിണ്ടാത്തത്‌? അതുശരി.
എന്റെ പിറകെ ഒരു സി.ഐ.ഡി.!
മണി ഒന്ന്‌: പണ്ടു പത്രാധിപരും ഇപ്പോള്‍ കച്ചവടക്കാരനുമായി
മി.പിയുടെ അടുത്ത്‌ ഞാന്‍ ചെന്നു. കണ്ണു കാണുന്നില്ല. പാരവശ്യം.
പി.ചോദിച്ചു:`വിപ്ലവം ഒക്കെം എത്രടമായി?'
ഞാന്‍ പറഞ്ഞു:` അടുത്തു വന്നു കഴിഞ്ഞു!'
`ങ്‌ഹും! എവിടുന്നാ, കണ്ടിട്ടു കുറെ ആയല്ലോ?'
`ങ്‌ഹാ.'
`വിശേഷിച്ച്‌?'
`ഓ ഒന്നുമില്ല. വെറുതെ.'
ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത്‌ ഒരു കസേരയില്‍ ഇരുന്നു. എന്റെ ലേഖനങ്ങള്‍ പലതും അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടായിരുന്നു. പണ്ടത്തെ മഹത്വം കാണിക്കാന്‍ പഴയ പത്രങ്ങള്‍ ബയന്റ്‌ ചെയ്‌ത്‌ വച്ചിട്ടുണ്ടായിരുന്നു. ഞാന്‍ അതെടുത്തു തലകറങ്ങലോടെ അങ്ങനെ നോക്കിക്കൊണ്ടിരുന്നു. `എനിക്ക്‌ ഒരു ചൂടു ചായ വേണം, ഞാന്‍ വളരെ അവശനായിരിക്കുന്നു!' എന്ന്‌ എന്റെ ഹൃദയം ദ്രുതമായി ഇടിച്ചുകൊണ്ടിരുന്നു. പി.എന്തുകൊണ്ട്‌ എന്നോട്‌ ഒന്നും ചോദിക്കുന്നില്ല? അദ്ദേഹം എന്റെ ക്ഷീണം കാണുന്നില്ലേ? അദ്ദേഹം പണപ്പെട്ടിയുടെ അടുത്ത്‌ ഗാംഭീര്യത്തോടെ ഇരിക്കുന്നു. ഞാന്‍ മൂകനായി തെരുവിലേക്കു നോക്കി. കാനയില്‍ കിടന്ന ഒരു കഷണം ദോശയ്‌ക്കു വേണ്ടി രണ്ടു തെണ്ടിപിള്ളാര്‍ വഴക്കടിക്കുന്നു. `ഒരു ചൂടു ചായ' മൂകമായി എന്റെ സര്‍വവും കേണു. പി.പെട്ടി തുറന്നു. ഉറുപ്പികയുടെയും ചില്ലറയുടെയും ഇടയില്‍ നിന്ന്‌ അദ്ദേഹം ഒരണ എടുത്ത്‌ ഒരു പയ്യന്റെ പക്കല്‍ കൊടുത്തു:
`ചായ കൊണ്ടുവാടാ.'
പയ്യന്‍ ഓടി. എന്റെ ഹൃദയം തണുത്തു. എത്ര നല്ല മനുഷ്യന്‍!... പയ്യന്‍ കൊണ്ടുവന്ന ചായ പി. വാങ്ങിച്ചിട്ട്‌ എന്റെ നേരെ തിരിഞ്ഞു:
` നിങ്ങള്‍ക്കു ചായ വേണോ?'
ഞാന്‍ പറഞ്ഞു: `വേണ്ടാ!'
എന്നിട്ടു ഷൂസിന്റെ ലേസ്‌ മുറുക്കാനെന്ന നാട്യത്തില്‍ കുനിഞ്ഞു. എന്റെ മുഖം അയാള്‍ കാണും; എന്റെ മനഃക്ഷോഭം അയാള്‍ അറിയും!
പി. പരിഭവപ്പെട്ടു: നിങ്ങളുടെ പുസ്‌തകങ്ങളൊന്നും എനിക്കു തന്നില്ലല്ലോ?
ഞാന്‍ പറഞ്ഞു `തരാം'
` അതിനെയൊക്കെപ്പറ്റിയുള്ള പത്രാഭിപ്രായങ്ങള്‍ ഞാന്‍ വായിക്കുന്നുണ്ട്‌.'
ഞാന്‍ പറഞ്ഞു: `നല്ലത്‌.'
എന്നിട്ട്‌ ഒന്നു മന്ദഹസിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഹൃദയത്തില്‍ വെളിച്ചമില്ലാതെ മുഖം എങ്ങനെ മന്ദഹസിക്കും?
ഞാന്‍ യാത്ര പറഞ്ഞു എണീറ്റു തെരുവില്‍ ഇറങ്ങി നടന്നു.
എന്റെ പിറകെ ആ സി.ഐ.ഡി!
മണി രണ്ട്‌: ഞാന്‍ തളര്‍ന്ന്‌ അവശനായി മുറിയിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു. നല്ല വസ്‌ത്രങ്ങള്‍ ധരിച്ചു സുഗന്ധം പൂശിയ അപരിചിതയായ ഒരു സ്‌ത്രീ എന്റെ മുറിയുടെ വാതില്‍ക്കല്‍ വന്നു. ദൂരദേശത്തുകാരിയാണ്‌. വെള്ളപ്പൊക്കം മൂലം നാടു നശിച്ചുപോയി. എന്തെങ്കിലും സഹായം ചെയ്യണം! നേരിയ പുഞ്ചിരിയോടെ അവള്‍ എന്നെ നോക്കി. മാറിടം കട്ടളപ്പടിയില്‍ അമര്‍ത്തിക്കൊണ്ട്‌ എന്നെ നോക്കി. എന്റെ ഹൃദയത്തില്‍ ചൂടു പരത്തിക്കൊണ്ട്‌ ഒരു വികാരം ഉദിച്ചു. അത്‌ ആളിപ്പടര്‍ന്ന്‌ എന്റെ നാഡിഞരമ്പുകളിലെങ്ങും വ്യാപിച്ചു. എന്റെ ഹൃദയസ്‌പന്ദനം എനിക്കു കേള്‍ക്കാമെന്നു തോന്നി. അപകടം പിടിച്ച ഒരു ഭയങ്കര നിമിഷം!
`സഹോദരി, എന്റെ പക്കല്‍ ഒന്നുമില്ല; നിങ്ങള്‍ വേറെ ആരുടെയടുത്തെങ്കിലും ചെന്നു ചോദിക്കൂ... എന്റെ പക്കല്‍ ഒന്നുമില്ല'.
`ഒന്നുമില്ലേ?'
`ഇല്ല'.
എന്നിട്ടും അവള്‍ പോകാതെ നിന്നു. ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു: `പൊക്കോളൂ; ഒന്നുമില്ല'.
`ഓ!'അവള്‍ പരിഭവത്തോടെ കുണുങ്ങിക്കുണുങ്ങി നടന്നുപോയി. എങ്കിലും അവളില്‍ നിന്നു പുറപ്പെട്ടുകൊണ്ടിരുന്ന പരിമളം!
മണി മൂന്ന്‌: ആരോടെങ്കിലും കടം വാങ്ങിച്ചാലോ? ഭയങ്കരമായ ക്ഷീണം. വല്ലാത്ത നിസ്സഹായാവസ്ഥ. ആരോടു ചോദിക്കാനാണ്‌? പല പേരുകളും എന്റെ ഓര്‍മയില്‍ വന്നു. പക്ഷേ, കടം വാങ്ങുക സ്‌നേഹബഹുമാനത്തെ കുറയ്‌ക്കുന്ന ഒരു ഏര്‍പ്പാടാണ്‌. മരിച്ചു കളഞ്ഞാലോ എന്നു ഞാന്‍ ആലോചിച്ചു. മരണം എങ്ങനെ ആയിരിക്കണം?
മണി മൂന്നര: നാവു താണുപോകുന്നു. തീരെ ആവതില്ല. കുളിര്‍ ജലാശയത്തില്‍ ഒന്നു മുങ്ങിയെങ്കില്‍! ആകെ കുളിര്‍മയോടെ ഒന്നു തണുത്തെങ്കില്‍... അങ്ങനെ കിടക്കുമ്പോള്‍ ചില പത്രാധിപന്‍മാരുടെ എഴുത്തുകള്‍ വന്നു. കഥകള്‍ ഉടനെ കിട്ടണം; മടക്കത്തപാലില്‍ അയച്ചേക്കണം! എഴുത്തുകള്‍ അവിടെയിട്ടിട്ടു ഞാനങ്ങനെ ആവതില്ലാതെ കിടന്നു. ബാങ്ക്‌ ക്ലാര്‍ക്ക്‌ കൃഷ്‌ണപിള്ളയുടെ വേലക്കാരന്‍ പയ്യന്‍ ഒരു തീപ്പെട്ടിക്കോലിനു വന്നു അവനെക്കൊണ്ട്‌ ഒരു ഗ്ലാസ്‌ വെള്ളം വരുത്തിച്ചു ഞാന്‍ കുടിച്ചു.
`സാറിനു സൊകമില്ലേ? പതിനൊന്നു വയസ്സായ ആ പയ്യന്‌ അറിയണം.
ഞാന്‍ പറഞ്ഞു: `സുഖക്കേടൊന്നുമില്ല.'
`പിന്നെ.... സാറുണ്ടില്ലേ?'
`ഇല്ല.'
`അയ്യോ!അതെന്താ ഉണ്ണാഞ്ഞേ?'
ആ ചെറിയ മുഖവും കറുത്ത കണ്ണുകളും ഉടുത്തിരിക്കുന്ന കരി പുരണ്ട തോര്‍ത്തും. അവന്‍ ജിഞ്‌ജാസയോടെ നില്‍ക്കുകയാണ്‌. ഞാന്‍ കണ്ണടച്ചു.
പതുക്കെ അവന്‍ വിളിച്ചു: `സാറേ!'
`ഉം?'
ഞാന്‍ കണ്ണുതുറന്നു.
അവന്‍ പറഞ്ഞു: `എന്റേ രണ്ടണേണ്ട്‌.'
`അതിന്‌?'
അവന്‍ പരുങ്ങി: `ഞാന്‍ വരുന്ന മാസത്തി വീട്ടി പോകുമ്പോ സാറു തന്നേച്ചാ മതി.'
എന്റെ ഹൃദയം വിങ്ങി: അല്ലാഹുവേ!
`കൊണ്ടുവരൂ!'
അതു കേള്‍ക്കാത്ത പാട്‌, അവന്‍ ഓടി!
അപ്പോള്‍ സഖാവ്‌ ഗംഗാധരന്‍ വന്നു. വെള്ള ഖദര്‍ മുണ്ട്‌, വെള്ള ഖദര്‍ ജുബ്ബാ, മീതെ പുതച്ച നീല ഷാളും... കറുത്ത നീണ്ടുരുണ്ട മുഖവും കാര്യഗൗരവമുള്ള നോട്ടവും.
ചാരുകസേരയില്‍ ഗമയിലുള്ള എന്റെ കിടപ്പുകണ്ട്‌ ആ നേതാവ്‌ പറയുകയാണ്‌: `അമ്പട! നീ വലിയ ബൂര്‍ഷ്വാ ആയിപ്പോയല്ലേ?
എന്റെ തലയ്‌ക്ക്‌ നല്ല കറക്കം ഉണ്ടായിരുന്നെങ്കിലും എനിക്കു ചിരി വന്നു. ആ നേതാവിന്റെ വസ്‌ത്രങ്ങളുടെ ഉടമസ്ഥാവകാശം ആര്‍ക്കുള്ളതായിരിക്കുമെന്ന്‌ ഞാന്‍ പതുക്കെ ചിന്തിച്ചു പോയി! എനിക്കു പരിചയമുള്ള ഓരോ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍മാരുടെയും ചിത്രം എന്റെ ഭാവനയില്‍ വന്നു. എന്താണു നേടാനുള്ളത്‌?
ഗംഗാധരന്‍ ചോദിച്ചു: `നീ എന്താ ചിരിക്കുന്നത്‌?'
ഞാന്‍ പറഞ്ഞു: `ഒന്നുമില്ല. മോനേ, നമ്മുടെ ഈ വേഷവിധാനങ്ങള്‍ ഓര്‍ത്തു ചിരിച്ചു പോയതാണ്‌.'
`നിന്റെ തമാശ കളഞ്ഞിട്ടു കേള്‍ക്കൂ. വലിയ കുഴപ്പം നടക്കുന്നു. ലാത്തിച്ചാര്‍ജ്ജും ടീയര്‍ഗ്യാസും വെടിവയ്‌പും നടന്നേക്കും. പത്തുമൂവായിരം തൊഴിലാളികള്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. ഒന്നര ആഴ്‌ചയായി അവര്‍ പട്ടിണി കിടക്കുന്നു! വലിയ ബഹളം നടന്നേക്കും! മനുഷ്യര്‍ പട്ടിണി കിടക്കുമ്പോള്‍ എന്തു സംഭവിക്കും?'
`ഞാന്‍ ഈ വിവരങ്ങളൊന്നും പത്രങ്ങളില്‍ വായിച്ചില്ലല്ലോ?'
`പത്രങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യരുതെന്ന്‌ താക്കീതുണ്ട്‌!'
`അതുകൊള്ളാം. ഞാന്‍ ആയതിലേക്ക്‌ എന്തു ചെയ്യണം!'
`അവരുടെ വക പബ്ലിക്‌ മീറ്റിങ്ങുണ്ട്‌. ഞാനാണ്‌ അദ്ധ്യക്ഷന്‍. അവിടെ ചെന്നു പറ്റാന്‍ ബോട്ടുകാര്‍ക്ക്‌ കടത്തു കൂലിക്ക്‌ ഒരണവേണം. പിന്നെ ഞാന്‍ ഇന്നൊന്നും കഴിച്ചിട്ടുമില്ല. നീയും എന്റെ കൂട്ടത്തില്‍ വാ!'
`മോനേ, കാര്യം നല്ലതു തന്നെ. പക്ഷേ എന്റെ പക്കല്‍ കാശൊന്നും ഇല്ല. കുറേ അധികം ദിവസമായി ഞാനും വല്ലതും കഴിച്ചിട്ട്‌. നേരം വെളുത്തിട്ട്‌ ഇതുവരെ ഞാനും ഒന്നും കഴിച്ചിട്ടില്ല. പോരെങ്കില്‍ ഇന്ന എന്റെ ജന്മദിനവുമാണ്‌.'
`ജന്മദിനം? നമുക്കൊക്കെ എന്തു ജന്മദിനം?
`പ്രപഞ്ചങ്ങളിലുള്ള എല്ലാറ്റിനുമുണ്ടല്ലോ ജന്മദിനം.'
അങ്ങനെ വര്‍ത്തമാനം പലേ വഴിക്കും പോയി. ഗംഗാധരന്‍ തൊഴിലാളികളെപ്പറ്റിയും രാഷ്‌ട്രീയപ്രവര്‍ത്തകരെപ്പറ്റിയും ഗവണ്‍മെന്റെിനെപ്പറ്റിയും സംസാരിച്ചു. ഞാന്‍ ജീവിതത്തെപ്പറ്റിയും പത്രാധിപന്‍മാരെക്കുറിച്ചും സാഹിത്യകാരന്‍മാരെക്കുറിച്ചും സംസാരിച്ചു. അതിനിടയില്‍ പയ്യന്‍ വന്നു. ഒരണ ഞാന്‍ കയ്യില്‍ വാങ്ങി. ബാക്കി ഒരണയ്‌ക്കു ചായയും ബീഡിയും ദോശയും കൊണ്ടുവരാന്‍ പറഞ്ഞു. കാലണ ചായ, അരയണ ദോശ, കാലണ ബീഡി.
ദോശ പൊതിഞ്ഞു കൊണ്ടുവന്ന അമേരിക്കന്‍ പത്രക്കടലാസിന്റെ തുണ്ടില്‍ ഒരു ചിത്രമുണ്ടായിരുന്നു. അത്‌ എന്നെ വളരെ ആകര്‍ഷിച്ചു. ഞാനും ഗംഗാധരനും കൂടി ദോശ തിന്നു. ഓരോ ഗ്ലാസ്സ്‌ വെള്ളം വീതം കുടിച്ചു. പിറകെ കുറേശ്ശെ ചായയും. അതിനുശേഷം ഒരു ബീഡി കത്തിച്ചു പുക വിട്ടുകൊണ്ട്‌ ഗംഗാധരന്‌ ഒരണ കൊടുത്തു. പോകാന്‍ നേരത്തു തമാശയായി ഗംഗാധരന്‍ ചോദിച്ചു: `ഇന്നു നിന്റെ ജന്മദിനമല്ലേ, നിനക്കു ലോകത്തിനായിക്കൊണ്ടു വല്ല സന്ദേശവും കൊടുക്കാനുണ്ടോ?'
ഞാന്‍ പറഞ്ഞു. `ഉണ്ട്‌ മോനേ, വിപ്ലവസംബന്ധിയായ ഒന്ന്‌.'
`കേള്‍ക്കട്ടെ!'
`വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ എങ്ങും ആളിപ്പടര്‍ന്ന്‌ ഉയരട്ടെ! ഇന്നത്തെ സമുദായഘടന എല്ലാം കത്തി ദഹിച്ച്‌, സുഖസമ്പൂര്‍ണ്ണവും സമത്വസുന്ദരവുമായ പുതിയ ലോകം സംജാതമാകട്ടെ!'
`ഭേഷ്‌! ഞാന്‍ ഇന്ന്‌ ഇതവിടെ തൊഴിലാളി മീറ്റിംഗില്‍ പറയാം!' എന്നു പറഞ്ഞ്‌ ഗംഗാധരന്‍ ധൃതിയില്‍ നടന്നുപോയി. ഞാന്‍ ഓരോ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍മാരെപ്പറ്റി ചിന്തിച്ചു. ഓരോ എഴുത്തുകാരെപ്പറ്റിയും; എല്ലാത്തരം സ്‌ത്രീപുരുഷന്‍മാരെപ്പറ്റിയും. അവരൊക്കെ എങ്ങനെ ജീവിക്കുന്നു? അങ്ങനെ കിടന്നുകൊണ്ടു ഞാന്‍ ആ ദോശ പൊതിഞ്ഞു കൊണ്ടുവന്ന കടലാസ്‌ എടുത്തു. അപ്പോള്‍, പടി കടന്നു വീട്ടുടമസ്ഥന്‍ മുഖം വീര്‍പ്പിച്ചുകൊണ്ട്‌ വരുന്നതു കണ്ടു. അയാളോട്‌ ഇനി എന്തവധിയാണു പറയേണ്ടതെന്ന്‌ ആലോചിച്ചു ചിത്രത്തില്‍ നോക്കി- ആകാശചുംബികളായ കൂറ്റന്‍ മണിമേടകള്‍ നിറഞ്ഞ മഹാനഗരം. അതിന്റെ നടുക്കു ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഒരു മനുഷ്യന്‍. ഇരുമ്പുചങ്ങലകളാലയാളെ വരിഞ്ഞുമുറുക്കി ഭൂമിയോടു ചേര്‍ത്തു ബന്ധിച്ചിരിക്കുകയാണ്‌. എങ്കിലും അയാളുടെ നോട്ടം ബന്ധനത്തിലോ, ഭൂമിയിലോ അല്ല. വിദൂരതയില്‍, ഉയരെ സൗരയൂഥങ്ങള്‍ക്കപ്പുറത്ത്‌, അന്തമില്ലാത്ത ദൂരത്തില്‍ കതിരുകള്‍ ചിതറുന്ന മഹാതേജഃപുഞ്‌ജത്തില്‍! അയാളുടെ കാലുകള്‍ക്കു സമീപം ഒരു തുറന്ന പുസ്‌തകം. അതിന്റെ രണ്ടു പേജുകളിലുമായി ആ മനുഷ്യന്റെ എന്നല്ല, എല്ലാ മനുഷ്യരുടെയും ചരിത്രം. അത്‌ ഇപ്രകാരമാണ്‌:
`ചങ്ങലകളാലെന്നപോലെ മണ്ണോടു ബന്ധിതനെങ്കിലും അവന്‍ നോക്കുകയാണ്‌. സമയകാലങ്ങളെ പിന്നിട്ട്‌, ധീരമോഹനമായ നാളെയിലേക്ക്‌!'
എവിടെയാണ്‌....നാളെ?
`എന്താ മിസ്റ്റര്‍!' വീട്ടുടമസ്ഥന്റെ തണുത്ത ചോദ്യം: `ഇന്നെങ്കിലും തരാമോ?'
ഞാന്‍ പറഞ്ഞു: `പണമൊന്നും വന്നുചേര്‍ന്നിട്ടില്ല. അടുത്ത ഏതെങ്കിലും ദിവസം തരാം.'
പക്ഷേ, അദ്ദേഹം ഇനി അവധി കേള്‍ക്കാന്‍ ഭാവമില്ല!
`ഇങ്ങനെ എന്തിനു ജീവിക്കുന്നു?' അദ്ദേഹത്തിന്റെ ചോദ്യമാണ്‌. വളരെ പരമാര്‍ത്ഥം. ഇങ്ങനെ എന്തിനു ജീവിക്കുന്നു? ഞാന്‍ ഈ കെട്ടിടത്തില്‍ വന്നിട്ട്‌ മൂന്നു കൊല്ലം തികയാറായി. മൂന്നടുക്കളയും ഞാന്‍ നന്നാക്കി. അതിനൊക്കെ ഇപ്പോള്‍ നല്ല വാടക കിട്ടുന്നുണ്ട്‌. ഈ നാലാമത്തെ സ്റ്റോര്‍റൂം ഞാന്‍ മനുഷ്യവാസമാക്കിത്തീര്‍ത്തപ്പോള്‍, കൂടുതല്‍ വാടകയ്‌ക്ക്‌ എടുക്കാന്‍ വേറെ ആളുണ്ടത്രേ! കൂടുതല്‍ വാടക കൊടുക്കാമെന്നു ഞാന്‍ സമ്മതിച്ചാല്‍ പോരാ- ഇറങ്ങി മാറിക്കൊടുക്കണം!
ഇല്ല! എനിക്കു സമ്മതമില്ല; ഇറങ്ങി മാറാനൊട്ടും ഭാവവുമില്ല! എന്താ ചെയ്യാന്‍ പോകുന്നത്‌?
മണി നാല്‌: എനിക്ക്‌ ഈ നാടു മടുത്തു. എന്നെ ആകര്‍ഷിക്കുവാന്‍ ഈ പട്ടണത്തില്‍ ഒന്നുമില്ല. നിത്യവും സഞ്ചരിക്കുന്ന റോഡുകള്‍. നിത്യവും കാണുന്ന കടകളും മുഖങ്ങളും. കണ്ടതുതന്നെ കാണുക; കേട്ടതുതന്നെ കേള്‍ക്കുക! എന്തൊരു മനംമടുപ്പ്‌ ... ഒന്നും എഴുതാന്‍ തോന്നുന്നില്ല. അല്ലെങ്കില്‍ എന്താണ്‌ എഴുതാനുള്ളത്‌?
മണി ആറ്‌: പ്രസന്നമായ സായാഹ്നം. കടല്‍ വിഴുങ്ങിയ ജ്വലിക്കുന്ന വൃത്തത്തിലുള്ള ചോരക്കട്ടയായ അന്തിമസൂര്യന്‍. കനകമേഘങ്ങള്‍ നിറഞ്ഞ പശ്ചിമ ചക്രവാളം. കര കാണാത്ത സമുദ്രം. തൊട്ട്‌, അലകളിളകുന്ന കായല്‍. തീരത്തു സുന്ദരമായ ആരാമം. ഉടുത്തൊരുങ്ങി സിഗരറ്റും പുകച്ചു വിഹരിക്കുന്ന ചെറുപ്പക്കാര്‍. തെറിക്കുന്ന കണ്ണുകളോടെ വര്‍ണസാരികളും പറത്തി മന്ദസ്‌മേരവദനകളായി വിലസുന്ന യുവതികള്‍. പ്രേമനാടകങ്ങളുടെ പശ്ചാത്തലമായി ഹൃദയം കുളിര്‍പ്പിക്കുന്ന പാര്‍ക്കിലെ റേഡിയോ ഗാനവും. ഇടയ്‌ക്കു പുഷ്‌പങ്ങളെ തഴുകിവരുന്ന സുഗന്ധവാഹിയായ ഇളം കാറ്റും... പക്ഷേ, ഞാന്‍ തളര്‍ന്നു വീഴാന്‍പോകയാണ്‌.
മണി ഏഴ്‌: ഒരു പോലീസുകാരന്‍ എന്റെ താമസസ്ഥലത്തുവന്ന്‌ ഇന്നും എന്നെ കൂട്ടിക്കൊണ്ടുപോയി. കണ്ണഞ്ചിപ്പിക്കുന്ന `പെട്രോമാക്‌സ്‌' വിളക്കിന്റെ മുമ്പില്‍ എന്നെ ഇരുത്തി. ചോദ്യങ്ങള്‍ക്കു സമാധാനം പറയുമ്പോള്‍ എന്റെ മുഖത്തെ ഭാവഭേദങ്ങള്‍ സൂക്ഷിച്ചുകൊണ്ടു പിറകില്‍ കൈയ്യും കെട്ടി പോലീസ്‌ ഡപ്യൂട്ടികമ്മീഷണര്‍ അങ്ങുമിങ്ങും നടന്നു. നോട്ടം എപ്പോഴും എന്റെ മുഖത്തു തന്നെ. എന്തൊരു ഭാവം! എന്തൊരു നില! ഞാന്‍ ഏതോ വലിയ കുറ്റം ചെയ്‌ത പിടികിട്ടാപുള്ളിയാണെന്ന മട്ട്‌! ഒരു മണിക്കൂറുനേരത്തെ ചോദ്യങ്ങള്‍. ആരെല്ലാമാണ്‌ എന്റെ കൂട്ടുകാര്‍? എവിടൊന്നെക്കെയാണ്‌ എനിക്ക്‌ എഴുത്തുകള്‍ വരുന്നത്‌? ഗവണ്‍മെന്റിനെ തകിടം മറിക്കാനുള്ള ഗൂഢസംഘത്തിലെ അംഗമല്ലേ ഞാന്‍? പുതുതായി എന്തൊക്കെയാണു ഞാന്‍ എഴുതുന്നത്‌? എല്ലാം സത്യമായി പറയണം! പിന്നെ-
`നിങ്ങള്‍ക്കറിയാമല്ലോ നിങ്ങളെ ഇവിടുന്നു നാടുകടത്തിക്കാന്‍ എനിക്കു കഴിയുമെന്ന്‌?'
`അറിയാം... ഞാന്‍ നിസ്സഹായനാണ്‌. വെറും ഒരു പോലീസുകാരന്‍ വിചാരിച്ചാല്‍ മതി, എന്നെ അറസ്റ്റു ചെയ്‌ത്‌ ലോക്കപ്പിലിട്ട്‌...'
മണി ഏഴര: ഞാന്‍ മുറിയില്‍ വന്ന്‌ ഇരുട്ടത്തിരുന്നു നന്നായി ഒന്നു വിയര്‍ത്തു. ജന്മദിനം! ഇന്ന്‌ എന്റെ താമസസ്ഥലത്തു വെളിച്ചമില്ല. മണ്ണെണ്ണയ്‌ക്കു എന്തുവഴി? പശിയടങ്ങെ വല്ലതും തിന്നുകയും വേണം. ദൈവമേ, ആരു തരും? ഒരുത്തരോടും കടം വാങ്ങാന്‍ കഴികയില്ല. പക്ഷേ, മാത്യുവിനോടു ചോദിച്ചാലോ? വേണ്ട. മറ്റേ കെട്ടിടത്തില്‍ താമസിക്കുന്ന കണ്ണടക്കാരന്‍ വിദ്യാര്‍ത്ഥിയോടു ഒരുറുപ്പിക ചോദിക്കാം. അയാള്‍ ആ ഉഗ്രമായ സുഖക്കേടിനു വളരെ പണം ഇന്‍ജക്ഷനു മുടക്കിയതാണ്‌. ഒടുവില്‍ എന്റെ നാലണയുടെ മരുന്നുകൊണ്ടാണ്‌ സുഖപ്പെട്ടത്‌. അതിനു പ്രതിഫലമായി എന്നെ ഒരു തവണ സിനിമ കാണാന്‍ കൊണ്ടുപോയി. ചെന്ന്‌ ഒരുറുപ്പിക ചോദിച്ചാല്‍ തരാതിരിക്കുമോ?
മണി എട്ടേമുക്കാല്‍: വഴിക്ക്‌ മാത്യുവിനെ അന്വേഷിച്ചു. അദ്ദേഹം സിനിമ കാണാന്‍ പോയിരിക്കുന്നു. ഉറച്ചുള്ള സംസാരവും പൊട്ടിച്ചിരിയും കേട്ടുകൊണ്ടു ഞാന്‍ മറ്റേ കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ ചെന്നു. പുകയുന്ന സിഗരറ്റിന്റെ ഗന്ധം. മേശപ്പുറത്തെരിയുന്ന ശരറാന്തലിന്റെ പ്രഭ തട്ടിത്തിളങ്ങുന്ന പല്ലുകള്‍, റിസ്റ്റ്‌ വാച്ചുകള്‍, സ്വര്‍ണക്കുടുക്കുകള്‍.
നിസ്സഹായതയുടെ മൂര്‍ത്തീകരണമായി ഞാന്‍ കസേരയിലിരുന്നു. അവര്‍ വര്‍ത്തമാനം തുടങ്ങി. രാഷ്‌ട്രീയ കാര്യങ്ങള്‍, സിനിമ, കോളേജിലെ വിദ്യാര്‍ത്ഥികളുടെ അംഗവര്‍ണന, ദിവസത്തില്‍ രണ്ടുപ്രാവശ്യം സാരികള്‍ മാറ്റിവരുന്ന വിദ്യാര്‍ത്ഥികളുടെ പേരുകള്‍ - അങ്ങനെ പലതും. അതിലൊക്കെ ഞാനും അഭിപ്രായങ്ങള്‍ പറഞ്ഞു. ഇടയ്‌ക്കു ഞാന്‍ കടലാസ്സുതുണ്ടെടുത്ത്‌ കുറിപ്പെഴുതും: `ഒരു റുപ്പിക വേണം. വളരെ അത്യാവശ്യമായിട്ടാണ്‌. രണ്ടുമൂന്നു ദിവസത്തിനകം തിരിച്ചു തന്നേക്കാം.'
അപ്പോള്‍ കണ്ണടക്കാരന്‍ ചിരിച്ചു.
`എന്താ. വല്ല ചെറുകഥയ്‌ക്കും പ്ലോട്ടു കുറിക്കുകയാണോ?'
ഞാന്‍ പറഞ്ഞു:
`അല്ല.'
അതിനെത്തുടര്‍ന്ന്‌ സംഭാഷണം ചെറുകഥാസാഹിത്യത്തിലെത്തി.
സുമുഖനായ പൊടിമീശക്കാരന്‍ പരാതിപ്പെട്ടു:
`നമ്മുടെ ഭാഷയില്‍ നല്ല ചെറുകഥകളൊന്നും ഇല്ല!'
ഭാഷയിലും നാട്ടിലും നല്ലതു വല്ലതുമുണ്ടോ? നല്ല ആണുങ്ങളും നല്ല പെണ്ണുങ്ങളുമുള്ളത്‌ കടലുകള്‍ക്കപ്പുറത്ത്‌!
ഞാന്‍ ചോദിച്ചു:
`ആരുടെയൊക്കെ ചെറുകഥകള്‍ വായിച്ചിട്ടുണ്ട്‌?'
അധികം ആളുടേതൊന്നും വായിച്ചിട്ടില്ല. ഒന്നാമതു മാതൃഭാഷയില്‍ വല്ലതും വായിക്കുന്നതുതന്നെ ഒരന്തസ്സു കുറഞ്ഞ പണിയാണ്‌.
ഞാന്‍ നമ്മുടെ കുറെ ചെറുകഥാകൃത്തുക്കളുടെ പേരു പറഞ്ഞു. അവരില്‍ മിക്കപേരുടെയും പേരുകള്‍പോലും ഇവര്‍ കേട്ടിട്ടില്ല.
ഞാന്‍ പറഞ്ഞു:
`ഇംഗ്ലീഷിലെന്നല്ല, ലോകത്തിലെ എല്ലാ ഭാഷയിലെയും ചെറുകഥകളോടു മത്സരിക്കത്തക്ക നല്ല ചെറുകഥകള്‍ നമ്മുടെ ഭാഷയില്‍ ഇന്നുണ്ട്‌. നിങ്ങള്‍ എന്തുകൊണ്ട്‌ വായിക്കുന്നില്ല?'
ഓ, ചിലതൊക്കെ അവര്‍ വായിച്ചിട്ടുണ്ട്‌! പിന്നെ മിക്കതും ദാരിദ്രത്തെപ്പറ്റി പറയുന്ന കഥകളാണ്‌. എന്തിനാണ്‌ അതൊക്കെ എഴുതുന്നത്‌?
ഞാന്‍ മിണ്ടിയില്ല.
`നിങ്ങളുടെയൊക്കെ കഥകള്‍ വായിച്ചാല്‍,' സ്വര്‍ണക്കണ്ണടക്കാരന്‍ വിധിപറഞ്ഞു: ` ലോകത്തിനെന്തോ വലിയ തകരാറൊക്കെയുണ്ടെന്നു തോന്നിപ്പോകും.'
ലോകത്തിനു എന്തു തകരാറ്‌? അച്ഛനമ്മമാര്‍ കഷ്‌ടപ്പെട്ടു മാസം തോറും പണമയച്ചുകൊടുക്കുന്നു. അതു ചെലവാക്കി വിദ്യാഭ്യാസം ചെയ്യുന്നു. സിഗരറ്റ്‌, ചായ, കോഫി, ഐസ്‌ക്രീം, സിനിമ, കുട്ടിക്കൂറ പൗഡര്‍, വാസ്‌ലെയിന്‍, സ്‌പ്രെ, വിലകൂടിയ വസ്‌ത്രങ്ങള്‍, വില കൂടിയ ആഹാരം, മദ്യം, മയക്കുമരുന്ന്‌, സിഫിലിസ്‌, ഗുണോറിയ - അങ്ങനെ പോകുന്നു. ഭാവിയിലെ പൗരന്മാര്‍! നാടു ഭരിക്കേണ്ടവരും നിയമം നടപ്പിലാക്കേണ്ടവരും. ബുദ്ധിജീവികള്‍, സാംസ്‌കാരികനായകന്മാര്‍, മതനേതാക്കള്‍, രാഷ്‌ട്രീയ നേതാക്കള്‍... ദാര്‍ശനികര്‍...! ലോകത്തിനെന്തു തകരാറ്‌?
എനിക്കു ഭയങ്കരമായ ഒരു പ്രസംഗം നടത്തണമെന്നു തോന്നി.
` ഇന്നത്തെ ലോകം-' ഞാന്‍ ആരംഭിച്ചു. അപ്പോഴേക്കും അടിയില്‍ നിന്നു തളര്‍ന്ന ചെറുശബ്‌ദം:
`മെതിയടി വേണോ, മെതിയടി!'
`കൊണ്ടു വാ!' ചിരിച്ചുകൊണ്ട്‌ കണ്ണടക്കാരന്‍ ആജ്ഞാപിച്ചു. അങ്ങനെ വിഷയം മാറി. മുകളിലേക്കു കയറിവന്നത്‌ ഞാന്‍ കാലത്തു കണ്ട പിഞ്ചു പൈതങ്ങള്‍! അവര്‍ കിതയ്‌ക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകള്‍ നട്ട്‌, മുഖങ്ങള്‍ വാടി, ചുണ്ടുകള്‍ വരണ്ടുണങ്ങിയിരുന്നു. വിമ്മിട്ടത്തോടെ മുതിര്‍ന്നവന്‍ പറഞ്ഞു:
`സാറന്മാര്‍ക്കു വേണോങ്കി രണ്ടരയണ.'
കാലത്തു മൂന്നണയായിരുന്നു.
`രണ്ടരയണയോ?' സംശയത്തോടെ സ്വര്‍ണക്കടക്കാരന്‍ തിരിച്ചും മറിച്ചും നോക്കി, `കരിങ്ങോട്ടയല്ലല്ലോടാ?
` അതെ സാറേ, കരിങ്ങോട്ടയാ.'
`വീടെവിടെയാ കുഞ്ഞുങ്ങളുടെ?' എന്റെ ചോദ്യത്തിനു മുതിര്‍ന്നവന്‍ സമാധാനം പറഞ്ഞു. ഇവിടെ നിന്നു മൂന്നു മൈല്‍ ദൂരെയുള്ള ഒരു സ്ഥലം.
`രണ്ടണ'. സ്വര്‍ണക്കണ്ണടക്കാരന്‍ പറഞ്ഞു.
`സാറു രണ്ടേകാലണ തന്നേര്‌.'
`വേണ്ട!'
`ഓ'.
വിഷാദത്തോടെ അവര്‍ ഇറങ്ങി. സ്വര്‍ണക്കണ്ണടക്കാരന്‍ വീണ്ടും വിളിച്ചു:
`കൊണ്ടുവാടാ.'
അവര്‍ വീണ്ടും വന്നു. നല്ലതു നോക്കി ഒരു ജോഡി തിരഞ്ഞെടുത്തിട്ട്‌ ഒരു പത്തുരൂപാനോട്ട്‌ വച്ചു നീട്ടി. ആ കുഞ്ഞുങ്ങളുടെ പക്കല്‍ ഒറ്റക്കാശുപോലുമില്ല. അവര്‍ ഒന്നും വിറ്റിട്ടില്ല. നേരം വെളുത്തതുമുതല്‍ നടക്കുകയായിരുന്നു. മൂന്നു മൈല്‍ ദൂരെ ഏതോ കുടിലില്‍ വെള്ളവും അടുപ്പത്തിട്ടു മക്കളുടെ വരവും കാത്തിരിക്കുന്ന മാതാപിതാക്കളുടെ ചിത്രം എന്റെ ഭാവനയില്‍ വന്നു.
സ്വര്‍ണക്കണ്ണടക്കാരന്‍ എവിടെന്നോ രണ്ടണ തപ്പി എടുത്തുകൊടുത്തു.
`കാലണ സാര്‍?'
`ഇത്രേയുള്ളൂ; അല്ലെങ്കിലിന്നാ മെതിയടി!'
കുട്ടികള്‍ അന്യോന്യം നോക്കി മിണ്ടാതെ ഇറങ്ങിപ്പോയി. ഇലക്‌ട്രിക്‌ വിളക്കിന്റെ താഴത്ത്‌, റോഡിലൂടെ ആ പിഞ്ചുപൈതങ്ങള്‍ പോകുന്നതു നോക്കിക്കൊണ്ട്‌ സ്വര്‍ണക്കണ്ണടക്കാരന്‍ ചിരിച്ചു:
`ഞാന്‍ ഒരു വേല ചെയ്‌തിട്ടുണ്ട്‌, ഒന്ന്‌ കള്ളയണയാ!'
`ഹ, ഹ, ഹ!' എല്ലാവരും പൊട്ടിച്ചിരിച്ചു. ഞാന്‍ വിചാരിച്ചു. വിദ്യാര്‍ഥികളല്ലേ, എന്തു പറയാനാണ്‌? ദാരിദ്രവും വിഷമതകളുമൊക്കെ എന്തെന്ന്‌ അറിയാറായിട്ടില്ല. ഞാന്‍ എഴുതി വച്ചിരുന്ന കുറിപ്പ്‌ മാറ്റാരും കാണാതെ സ്വര്‍ണക്കണ്ണടക്കാരനു കൊടുത്തു. അദ്ദേഹം അതു വായിക്കുമ്പോള്‍ എന്റെ ഭാവന ഹോട്ടലിലായിരുന്നു. ചൂടു പറക്കുന്ന ചോറിന്റെ മുമ്പില്‍ ഞാന്‍ ഇരിക്കുന്നതും മറ്റും. പക്ഷേ, കുറിപ്പു വായിച്ചിട്ടു സ്വര്‍ണക്കണ്ണടക്കാരന്‍ എല്ലാവരും കേള്‍ക്കത്തക്ക വിധത്തില്‍ പറഞ്ഞു:
`സോറി, ചെയിഞ്ചസ്‌ ഒന്നുമില്ല.'
അതു കേട്ടപ്പോള്‍ എന്റെ ശരീരത്തില്‍നിന്നു ചൂടു ആവി പൊന്തി. വിയര്‍പ്പു തുടച്ചുകൊണ്ട്‌ ഞാന്‍ താഴെ ഇറങ്ങി മുറിയിലേക്കു നടന്നു.
മണി ഒമ്പത്‌: ഞാന്‍ പായ്‌ വിരിച്ചു കിടന്നു. പക്ഷേ, കണ്ണുകള്‍ അടയുന്നില്ല. തലയ്‌ക്കു നല്ല വിങ്ങലും. എങ്കിലും ഞാന്‍ കിടന്നു. ലോകത്തിലെ നിസ്സഹായരെപ്പറ്റി ഞാന്‍ ഓര്‍ത്തോ.. എവിടെയെല്ലാം എത്രയെത്ര കോടി സ്‌ത്രീപുരുഷന്മാര്‍ ഈ സുന്ദരമായ ഭൂഗോളത്തില്‍ പട്ടിണികിടക്കുന്നു! അക്കൂട്ടത്തില്‍ ഞാനും. എനിക്കെന്താണു പ്രത്യേകത? ഞാനും ഒരു ദരിദ്രന്‍. അത്രതന്നെ. അങ്ങനെ വിചാരിച്ചുകൊണ്ട്‌ കിടക്കുമ്പോള്‍ എന്‍െറ വായില്‍ ഉമിനീര്‍ നിറഞ്ഞു. മാത്യുവിന്റെ അടുക്കളയില്‍ കടുകു വറുക്കുന്ന ശബ്‌ദം!... വെന്തു മലര്‍ന്ന ചോറിന്റെ വാസനയും!
മണി ഒമ്പതര: ഞാന്‍ വെളിയില്‍ ഇറങ്ങി. ഹൃദയം പൊട്ടിപ്പോകുന്ന ഇടിപ്പ്‌! വല്ലവരും കണ്ടാലോ? ഞാന്‍ വിയര്‍ത്തു കുളിക്കുന്നു!.... ഞാന്‍ മുറ്റത്തു കാത്തുനിന്നു. ഭാഗ്യം! വൃദ്ധന്‍ വിളക്കുമെടുത്ത്‌ കുടവുമായി വെളിയിലേക്കിറങ്ങി. അടുക്കളവാതില്‍ പതുക്കെ ചാരിയിട്ടു പൈപ്പിന്റെ അടുത്തേക്കു പോയി. കുറഞ്ഞതു പത്തു മിനിട്ടു പിടിക്കും. ശബ്‌ദം കേള്‍പ്പിക്കാതെ ഹൃദയത്തുടിപ്പോടെ ഞാന്‍ വാതില്‍ പതുക്കെ തുറന്ന്‌ അടുക്കളയ്‌ക്കകത്തു കയറി.
മണി പത്ത്‌: സംതൃപ്‌തമായ നിറഞ്ഞ വയറോടെ വിയര്‍ത്തു കുളിച്ച്‌ ഞാന്‍ വെളിയില്‍ ഇറങ്ങി. വൃദ്ധന്‍ മടങ്ങിയപ്പോള്‍ ഞാന്‍ പൈപ്പിന്റെ അടുത്തു ചെന്നു വെള്ളം കുടിച്ചു കൈകാല്‍ മുഖം കഴുകി തിരികെ എന്റെ മുറിയില്‍ വന്ന്‌ ഒരു ബീഡി കത്തിച്ചു വലിച്ചു. ആകെ സുഖസംതൃപ്‌തം. എങ്കിലും ഒരു വല്ലായ്‌മ. നല്ല ക്ഷീണവും തോന്നി. ഞാന്‍ കിടന്നു. ഉറക്കം വരുന്നതിനു മുമ്പേ ശകലം ആലോചനയുണ്ടായി. വൃദ്ധന്‍ അറിഞ്ഞു കാണുമോ? എങ്കില്‍ മാത്യു അറിയും. മറ്റു വിദ്യാര്‍ത്ഥികളും ക്ലാര്‍ക്കന്മാരും അറിയും. കുറച്ചിലാകും. ഏതായാലും വരുന്നതു വരട്ടെ, ജന്‍മദിനം. സുഖമായി ഉറങ്ങാം. എല്ലാവരുടെയും എല്ലാ ജന്‍മദിനങ്ങളും... മനുഷ്യന്‍... പാവപ്പെട്ട ജീവി, ഞാനങ്ങനെ മയങ്ങിപ്പോവുകയായിരുന്നു... അപ്പോള്‍ എന്റെ മുറിയുടെ അടുത്തേക്ക്‌ ആരോ വരുന്നു!
`ഹലോ മിസ്റ്റര്‍!' മാത്യുവിന്റെ ശബ്‌ദം! എനിക്കു വിയര്‍പ്പുപൊട്ടി. എന്റെ ഉറക്കം പമ്പകടന്നു. ഉണ്ടതൊക്കെ ദഹിച്ചു. എനിക്കു മനസ്സിലായി. മാത്യു അറിഞ്ഞുപോയിരിക്കുന്നു. വൃദ്ധന്‍ കണ്ടുപിടച്ചായിരിക്കും. ഞാന്‍ വാതില്‍ തുറന്നു. ഇരുളിന്റെ ഹൃദയത്തില്‍ നിന്നെന്നോണം, തീക്ഷ്‌ണ വെളിച്ചത്തിന്റെ നീണ്ട കുന്തമെന്ന വണ്ണം, ഒരു ടോര്‍ച്ച്‌ ലൈറ്റ്‌! ഞാനാ വെളിച്ചത്തില്‍! എന്താണ്‌ മാത്യു ചോദിക്കാന്‍ പോകുന്നത്‌? പരിഭ്രമംകൊണ്ട്‌ എന്റെ ഹൃദയം നൂറുനൂറു കഷണങ്ങളായി പൊട്ടിപ്പോകുമെന്നു തോന്നി.
മാത്യു പറഞ്ഞു.
` ഐസേ സിനിമയ്‌ക്കു പോയിരുന്നു, വിക്‌ടര്‍ ഹ്യൂഗോവിന്റെ `പാവങ്ങള്‍'. നിങ്ങള്‍ കാണേണ്ട ഒന്നാംതരം ചിത്രമാണ്‌!'
`ങ്‌ഹാ.'
` നിങ്ങള്‍ ഊണു കഴിച്ചോ? എനിക്കു തീരെ വിശപ്പില്ല. ചോറു വെറുതെയാവും. വന്ന്‌ ഊണു കഴിക്കൂ. വഴിക്കു ഞങ്ങളൊന്നു ` മോഡേണ്‍ ഹോട്ടലി'ല്‍ കയറി.'
`താംഖ്‌സ്‌; ഞാന്‍ ഊണു കഴിച്ചു!'
`ഓഹോ, എന്നാല്‍ ഉറങ്ങൂ, ഗുഡ്‌നൈറ്റ്‌!'
`യസ്‌ ഗുഡ്‌നൈ.....!'

1 comment:

[b]